കാല്‍പ്പന്തുകളിയിലെ കുരുന്നു പ്രതിഭകളെ കണ്ടെത്താന്‍ കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ടി.വി പുരത്തിന് കിരീടം. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ മൂന്നിന് നടന്ന കലാശപ്പോരില്‍ പാലാ സി.ഡി.എസ് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടി.വി പുരം പരാജയപ്പെടുത്തി. ഏറ്റുമാനൂര്‍ സി.ഡി.എസ് ടീമിനാണ് മൂന്നാം സ്ഥാനം.
ജില്ലയിലെ 78 സി.ഡി.എസുകളെ 4 ക്ലസ്റ്ററുകളായി തിരിച്ചു പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തി. ഈ ക്ലസ്റ്റര്‍ മത്സരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തിയ ടീമുകള്‍ വീതം ജില്ലാതല ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം നേടി. എട്ട് ടീമുകള്‍ അടങ്ങുന്ന ജില്ലാതല മത്സരത്തില്‍ നിന്ന് ടി.വി പുരം, പാലാ, ഏറ്റുമാനൂര്‍, രാമപുരം ടീമുകള്‍ സെമിഫൈനലിലെത്തി. സെമിയില്‍ പരാജയപ്പെട്ട ഏറ്റുമാനൂര്‍, രാമപുരം ടീമുകള്‍ തമ്മിലുള്ള ലൂസേഴ്സ് ഫൈനലില്‍ ഏറ്റുമാനൂരും വിജയിച്ചു. മികച്ച താരമായി പാലായുടെ സിദ്ധാര്‍ത്ഥ് ആര്‍ നായരേയും മികച്ച ഗോളിയായി ടി.വി പുരം താരം ആരോമലിനെയും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ട്രോഫിയും മെഡലും സമ്മാനിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ, പാലാ ഡി.വൈ.എസ്.പി എ.ജെ തോമസ് എന്നിവര്‍ ചേര്‍ന്നു വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.
ബാലസഭ കുട്ടികള്‍ക്കുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ക്യാമ്പയിന്റെ ഉദ്ഘാടനം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം റീജിയണല്‍ ഹെഡ് ആര്‍. നരസിംഹകുമാര്‍ ചടങ്ങില്‍ നിര്‍വഹിച്ചു. പാലാ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീകല അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രകാശ് ബി നായര്‍, മുഹമ്മദ് ഹാരിസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി. ആര്‍, മറ്റ് സി.ഡി.എസ് ചെയര്‍പേഴ്സന്മാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, സ്പോണ്‍സര്‍മാരായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധികള്‍, സി.ഡി.എസ് അംഗങ്ങള്‍, ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.