കൗമാരക്കാര്‍ക്ക് അമ്മയുടെ കരുതലേകാന് കാസര്‍ഗോഡ് സ്‌കൂളുകളില്‍ മാ കെയര്‍ സെന്ററുകള്

പേന, പെന്‍സില്‍, സ്‌നാക്‌സ്, ജ്യൂസ്… ഇങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി ഇടവേളകളില്‍ സ്‌കൂള്‍ കോമ്പൗണ്ട് വിട്ട് പുറത്തുപോകുന്ന കൗമാരപ്രായക്കാര്‍ ലഹരിക്ക് അടിമപ്പെട്ട് പോകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയാണ് കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്റെ മാ കെയര്‍ സെന്ററുകള്‍.

ജില്ലയിലെ സ്‌കൂളുകള്‍ ലഹരി മുക്തമാക്കുകയെന്ന ലക്ഷ്യത്തോടുകൂടി ജില്ലാ പഞ്ചായത്തും പോലീസ്, എക്‌സൈസ് വകുപ്പുകളും സ്‌കൂള്‍ പി.ടി.എകളുമായും സംയോജിച്ചാണ് ജില്ലാ മിഷന്‍ ഈ പ്രവര്‍ത്തനം നടപ്പിലാക്കി വരുന്നത്.

കിനാലൂര്‍ കരിന്തളം പഞ്ചായത്തിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചായ്യോത്തില്‍ 2023 മേയ് ഒമ്പതിനാണ് പദ്ധതിയുടെ ഭാഗമായി ആദ്യ മാ കെയര്‍ സെന്റിന് തുടക്കമിട്ടത്. ഇതുവരെ 11 സ്‌കൂളുകളില്‍ സെന്ററുകള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ 29 സ്‌കൂളുകളില്‍ മാ കെയര്‍ സെന്ററുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. സ്‌കൂള്‍ പ്രധാനാധ്യാപകന്‍, പി.ടി.എ പ്രസിഡന്റ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, വാര്‍ഡ് മെമ്പര്‍ എന്നിവരുള്‍പ്പെടെയുള്ള പത്തംഗ മോണിറ്ററിങ് കമ്മിറ്റിയാണ് സെന്ററിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

കൗമാരക്കാര്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിമുക്തി, യോദ്ധാവ് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന സുരക്ഷാശ്രീ എന്നീ പദ്ധതികളുടെ തുടര്‍ച്ചയായാണ് മാ കെയര്‍ പദ്ധതി.

വിവിധ ജ്യൂസുകള്‍, ചായ, കാപ്പി, ഇലയട, സാലഡുകള്‍, സാന്‍വിച്ച്…ഇങ്ങനെയുള്ള വ്യത്യസ്ത വിഭവങ്ങളാണ് മാ കെയര്‍ സെന്റര്‍ മുഖേന ലഭ്യമാക്കി വരുന്നത്. കൂടാതെ ബുക്ക്, പേന, പേപ്പര്‍, പെന്‍സില്‍ തുടങ്ങീയ പഠനോപകരണങ്ങളും ഈ സെന്ററുകളില്‍ ലഭിക്കും.