ചോദ്യപ്പെട്ടിയും കോലായക്കൂട്ടവുമെല്ലാമായി ‘ബാലസദസ്’ മുന്നൊരുക്കങ്ങള്‍ ജില്ലകളിലെല്ലാം പുരോഗമിക്കുന്നു

ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 19,470 വാര്‍ഡുകളിലും കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ബാലസദസ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള 31,612 ബാലസഭകളില്‍ അംഗങ്ങളായ നാല് ലക്ഷത്തിലേറെ കുട്ടികള്‍ ഇതില്‍ പങ്കെടുക്കും.

കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയും സാമൂഹ്യ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയുമാണ് ബാലസദസ്സുകള്‍ വഴി ലക്ഷ്യമിടുന്നത്. 

ബാലസഭകളുടെ ശാക്തീകരണം, കുട്ടികളില്‍ സംഘടനാശേഷി, നേതൃഗുണം, യുക്തിചിന്ത എന്നിവ വളര്‍ത്തുകയും ലക്ഷ്യങ്ങളാണ്. ബാലസഭാംഗങ്ങള്‍ ഓരോ വാര്‍ഡിലുമുള്ള പ്രകൃതി സൗഹൃദ ഇടങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള സമയത്ത് ഒത്തു ചേരും. ബാലസദസ്സില്‍ കുട്ടികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും സാമൂഹ്യപ്രശ്നങ്ങളും കുട്ടികളുടെ ആവശ്യങ്ങളും ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളായി തിരിച്ചു കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും.

ഒക്ടോബര്‍ 10നു മുമ്പായി ഈ റിപ്പോര്‍ട്ടുകള്‍ അതത് സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കും. ഇപ്രകാരം സി.ഡി.എസ് തലത്തില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ബാലപഞ്ചായത്ത് അല്ലെങ്കില്‍ ബാലനഗരസഭയില്‍ അവതരിപ്പിച്ച ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷനും സെക്രട്ടറിക്കും സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലൂടെ കുട്ടികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപനതലത്തില്‍ പരിഹാരം കണ്ടെത്തും. അല്ലാത്തവ സംസ്ഥാന കുടുംബശ്രീ ബാലപാര്‍ലമെന്റില്‍ അവതരിപ്പിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.

കോലായക്കൂട്ടങ്ങള്‍

ബാലസദസ്സിന് മുന്നോടിയായുള്ള വാര്‍ഡിലെ/ഡിവിഷനിലെ കുടുംബശ്രീ/ബാലസഭ കുടുംബങ്ങളെ കോര്‍ത്തിണക്കി അതത് പ്രദേശത്ത് വിളിച്ചുചേര്‍ക്കുന്ന ചെറുയോഗങ്ങളാണ് കോലായക്കൂട്ടങ്ങള്‍. ബാലസദസ്സ് പ്രവര്‍ത്തനങ്ങള്‍ ഈ യോഗങ്ങളിലൂടെ മുന്‍കൂട്ടി അറിയിക്കും. സെപ്റ്റംബര്‍ 29 വരെ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കും.

സ്‌കൂളുകളില്‍ ചോദ്യപ്പെട്ടികള്‍

ഒക്ടോബര്‍ രണ്ടിന് ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ‘ബാലസദസി’ന് മുന്നോടിയായി സ്‌കൂളുകളില്‍ ‘ചോദ്യപെട്ടികള്‍’ സ്ഥാപിക്കുന്നു. കുട്ടികള്‍ അവരവരുടെ പ്രദേശങ്ങളിലോ അവര്‍ ഇടപെടുന്ന മേഖലകളിലോ കണ്ടെത്തുന്ന സാമൂഹിക പ്രശ്നങ്ങളെ ചോദ്യങ്ങളായോ നിര്‍ദ്ദേശങ്ങളായോ എഴുതി തയാറാക്കി ചോദ്യപെട്ടിയില്‍ നിക്ഷേപിക്കും. നാളെ വരെയാണ് ചോദ്യപെട്ടി സ്‌കൂളുകളില്‍ വയ്ക്കുക. 

ഈ ചോദ്യപെട്ടികള്‍ ബാലസദസ് പഞ്ചായത്ത് സംഘാടക സമിതി അല്ലെങ്കില്‍ കുടുംബശ്രീ എ.ഡി.എസുകള്‍ ശേഖരിക്കും. ഓരോ വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്ന ചോദ്യങ്ങള്‍ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ/ വകുപ്പുകളിൽ പരിഹാര മാർഗ്ഗങ്ങൾക്കായി ഏൽപ്പിക്കുകയും ചെയ്യും

ഇത് കൂടാതെ ബാലസദസ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പോസ്റ്റര്‍ രചന, സ്റ്റാറ്റസ് പോസ്റ്റ്, റീല്‍സ് മത്സരങ്ങളും പുരോഗമിക്കുകയാണ്.