ജല്‍ ദീവാലി – ആയിരത്തോളം കുടുംബശ്രീ വനിതകള്‍ ജല ശുദ്ധീകരണ ശാലകളിൽ സന്ദര്‍ശനം നടത്തി

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെയും അമൃത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ജല്‍ ദീവാലി ക്യാമ്പെയിന്‍ സംഘടിപ്പിച്ചു.

സ്ത്രീകള്‍ക്കായി ജലം, ജലത്തിനായി സ്ത്രീകളും എന്ന ടാഗ്‌ലൈനോടു കൂടി നവംബര്‍ 7 മുതല്‍ 9 വരെ സംഘടിപ്പിച്ച ക്യാമ്പെയിനില്‍ 938 കുടുംബശ്രീ അംഗങ്ങള്‍ ഭാഗമായി. സംസ്ഥാനത്തെ 36 ജല ശുദ്ധീകരണ ശാലകളില്‍ 18 നഗരസഭകളില്‍ നിന്നുള്ള സി.ഡി.എസ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള അയല്‍ക്കൂട്ടാംഗങ്ങള്‍ ക്യാമ്പെയിന്റെ ഭാഗമായി സന്ദര്‍ശനം നടത്തി.

അയല്‍ക്കൂട്ടങ്ങളിലെ സ്ത്രീകള്‍ക്ക് ജല ശുദ്ധീകരണ ശാലയിലെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനുള്ള അവസരവും സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു. ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജല പരിശോധനയെക്കുറിച്ചും കുടുംബശ്രീ അംഗങ്ങള്‍ക്ക് അമൃത് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു നല്‍കി. ജലശുദ്ധീകരണശാല പ്രവര്‍ത്തനങ്ങളും ഇതോട് ചേര്‍ന്നുള്ള ലാബില്‍ ജല പരിശോധനയും നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള അവസരവും ലഭിച്ചു.

ജനപ്രതിനിധികള്‍, ദേശീയ നഗര ഉപജീവന ദൗത്യം ഉദ്യോഗസ്ഥര്‍, അമൃത് മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സന്ദര്‍ശനത്തിന്റെ ഭാഗമായി.