ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുരന്തബാധിത മേഖലയിലെ തൊഴിലന്വേഷകര്‍ക്ക് വരുമാനദായക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി, ജില്ലാ ഭരണകൂടവും കുടുംബശ്രീ വയനാട് ജില്ലാ മിഷനും സംയുക്തമായി ‘ഞങ്ങളുണ്ട് കൂടെ’ തൊഴില്‍മേള ഇന്ന് സംഘടിപ്പിച്ചു. കുടുംബശ്രീയുടെ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ)യുടെയും കേരള നോളജ് ഇക്കണോമി മിഷന്റെയും നേതൃത്വത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വഹിച്ചു.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മര്‍ക്കസ് നോളജ് സിറ്റി, ഇന്‍ഡസ് മോട്ടോഴ്‌സ് എന്നീ തൊഴില്‍ദാതാക്കള്‍ തെരഞ്ഞെടുത്ത പത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്ഘാടനചടങ്ങില്‍ മന്ത്രി ഓഫര്‍ ലെറ്റര്‍ കൈമാറി. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി 21 തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുത്തു. 300 ഓളം തൊഴില്‍ അന്വേഷകരില്‍ 59 പേരെ വിവിധ ജോലികള്‍ക്കായി തെരഞ്ഞെടുത്തു. കൂടാതെ 127 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍ സ്വാഗതം ആശംസിച്ചു. മേപ്പാടി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍
ബിനി പ്രഭാകരന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ റജീന വി.കെ, സെലീന. കെ, അമീന്‍ കെ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ നിഷാദ് സി.സി, ഷിബു എന്‍. പി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ജെന്‍സണ്‍ എം ജോയ്, അപ്‌സന. കെ തുടങ്ങിയവര്‍ പങ്കെടുത്തു.