സംസ്ഥാനത്ത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ തുടക്കമായ സംസ്ഥാനതല ക്യാമ്പെയ്‌ന്റെ ഭാഗമായി കുടുംബശ്രീയും. ജനുവരി 21 വരെയാണ് ക്യാമ്പെയിന്‍. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്നതാണ് ഈ വര്‍ഷത്തെ പാലിയേറ്റീവ് ദിനാചരണ സന്ദേശം. കിടപ്പുരോഗികള്‍ക്കും കുടുംബത്തിനും ആശ്വാസമേകാന്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ക്യാമ്പെയ്‌ന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജനുവരി 21ന് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളില്‍ പാലിയേറ്റീവ് കെയര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി പ്രത്യേക യോഗം സംഘടിപ്പിക്കും.
ക്യാമ്പെയ്‌ന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപന പരിധിയിലുമുള്ള കിടപ്പുരോഗികള്‍ക്ക് ആവശ്യമായ പരിചരണവും മറ്റു പിന്തുണകളും ഉറപ്പു വരുത്താന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കുടുംബശ്രീയുടെ ചുമതല. ഇതിനായി അയല്‍ക്കൂട്ടങ്ങളിലെ മൂന്നു ലക്ഷത്തിലേറെ വരുന്ന സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍മാര്‍ പാലിയേറ്റീവ് കെയര്‍ രംഗത്ത് സജീവമാകും. ഇവര്‍ മുഖേന ഓരോ അയല്‍ക്കൂട്ട പരിധിയിലും പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള മുഴുവന്‍ രോഗികളുടെയും രജിസ്ട്രേഷന്‍ ഉറപ്പു വരുത്തും. കൂടാതെ ആശാ വര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ യൂണിറ്റുമായി ബന്ധപ്പെട്ട് പരിചരണം ആവശ്യമായ എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം ലഭ്യമാക്കും. ഇതിനായി കിടപ്പുരോഗികളെ അതത് പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരുമായി ബന്ധപ്പെടുത്തും.
കിടപ്പു രോഗികള്‍ ഉളളതിനാല്‍ തൊഴില്‍ ചെയ്യുന്നതിനായി പുറത്തു പോകാന്‍ കഴിയാത്തവരും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരുമായ അനേകം നിര്‍ദ്ധന കുടുംബങ്ങള്‍ക്കും പദ്ധതി ആശ്വാസമേകും. ഇതിനായി തൊഴില്‍പരമായി പുനരധിവസിപ്പിക്കാന്‍ കഴിയുന്ന രോഗികളെ പ്രത്യേകം രജിസ്റ്റര്‍ ചെയ്യും. പരിചരണസേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു വേണ്ടി ആഴ്ച തോറും ഭവന സന്ദര്‍ശനവും നടത്തും.
ക്യാമ്പെയ്‌ന്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുമായും നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വിഭാഗം, ഹോമിയോപ്പതി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, പാലിയേറ്റീവ് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്കും ഒപ്പമായിരിക്കും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.