ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡ് കണ്ടറിഞ്ഞ് അയല്‍ക്കൂട്ടാംഗങ്ങളും പി.എം.എ.വൈ (നഗരം), പി.എം. സ്വാനിധി ഗുണഭോക്താക്കളും

ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിന് സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് പത്ത് അയല്‍ക്കൂട്ടാംഗങ്ങളും കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായ ആറ് പേരും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പട്ടികവര്‍ഗ്ഗ അംഗങ്ങളുള്‍പ്പെടെയുള്ള അയല്‍ക്കൂട്ടാംഗങ്ങളും അവരുടെ ഓരോ കുടുംബാംഗങ്ങളും ഡല്‍ഹിയിലെത്തിയത്.

ചിന്നു (രാമമംഗലം, എറണാകുളം), താരാ കുശന്‍ (കൂട്ടിക്കല്‍, കോട്ടയം), ഗ്രീഷ്മ പി.ജി (വെള്ളിയാമറ്റം , ഇടുക്കി) വിധു എ (മേലാര്‍ക്കൊട്, പാലക്കാട്), സുലോചന. ബി (കോട്ടുകാല്‍, തിരുവനന്തപുരം), സത്യഭാമ എം.എ (തിരുനെല്ലി, വയനാട്) , കുറുമ്പി കണ്ണന്‍ (പുതൂര്‍, പാലക്കാട്), മിനി ശശീന്ദ്രന്‍ (വേളുക്കര, തൃശ്ശൂര്‍), ഷേര ഷെറിന്‍ ആല്‍വരസ് (മഞ്ചേശ്വരം,മിനി ആര്‍ (ചെട്ടികുളങ്ങര, ആലപ്പുഴ ) കാസര്‍ഗോഡ്) എന്നിവരും കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജര്‍ സുഹൈല്‍ പി.കെ, തൃശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആയ റെജി തോമസ് എന്നിവരുമാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ ഇന്ന് സന്ദര്‍ശിക്കുന്ന ഇവര്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ആതിഥ്യമരുളുന്ന ഔദ്യോഗിക അത്താഴ ചടങ്ങിലും പങ്കെടുത്തു.

അതേസമയം ‘എല്ലാവര്‍ക്കും ഭവനം ‘ എന്ന ലക്ഷ്യത്തോടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നഗരസഭകളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയായ  പ്രധാനമന്ത്രി ആവാസ് യോജന (നഗരം) – ലൈഫിന്റെ നാല് ഗുണഭോക്താക്കളും തെരുവു കച്ചവടക്കാര്‍ക്കുള്ള വായ്പാ പദ്ധതിയായ പി.എം. സ്വാനിധിയുടെ രണ്ട് ഗുണഭോക്താക്കളുമാണ് കുടുംബാംഗത്തോടൊപ്പം റിപ്പബ്ലിക്ക് ദിന പരേഡിന് സാക്ഷിയായത്. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ക്ഷണ പ്രകാരമായിരുന്നു ഇവര്‍ ഡല്‍ഹിയിലെത്തിയത്.  

ബബിത (ഇരിങ്ങാലക്കുട, തൃശ്ശൂര്‍), ലക്ഷ്മി. ജി (തിരുവനന്തപുരം), തങ്കം (മുക്കം, കോഴിക്കോട്), പി. മാല (ചെങ്ങന്നൂര്‍) എന്നിവരാണ് പി.എം.എ.വൈ (നഗരം) – ലൈഫ് ഗുണഭോക്താക്കള്‍. രാജേന്ദ്രന്‍. കെ (ആറ്റിങ്ങല്‍, തിരുവനന്തപുരം), അഗസ്റ്റിന്‍ കെ.സി (അങ്കമാലി, തൃശ്ശൂര്‍) എന്നിവരാണ് പി.എം. സ്വാനിധി ഗുണഭോക്താക്കള്‍. ഇവര്‍ക്കൊപ്പം നോഡല്‍ ഓഫീസര്‍മാരായി കുടുംബശ്രീയില്‍ നിന്ന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഭാവന. എം, റോഷ്‌നി കെ.ജി, പ്രിഥ്വി രാജ് എന്നിവരുമുണ്ട്.