ഡല്‍ഹി പ്രഗതി മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിലെ കുടുംബശ്രീ സ്റ്റാളുകള്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് സന്ദര്‍ശിച്ചു. കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് ഷാന്‍ എസ്.എസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഐ.ഐ.ടി.എഫിലെ കേരള പവലിയനില്‍ ഉത്പന്ന വിപണനം നടത്തുന്നതിനായുള്ള കൊമേഴ്സ്യല്‍ സ്റ്റാളില്‍ രണ്ട് കുടുംബശ്രീ സ്റ്റാളുകളാണുള്ളത്. വസുധൈവ കുടുംബകം – വ്യാപാരം വഴി ഐക്യപ്പെടൽ എന്ന ഈ വർഷത്തെ തീം അടിസ്ഥാനമാക്കി പ്രത്യേക തീം സ്റ്റാളും കുടുംബശ്രീ തയാറാക്കിയിട്ടുണ്ട്. ഫുഡ്കോര്‍ട്ടില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നുമുള്ള കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകളുമുണ്ട്.
ഗ്രാമീണ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിനുള്ള ആജീവിക സരസ് മേളയും ഐ.ഐ.ടി.എഫിലുണ്ട്. ഈ സരസ് മേളയില്‍ കുടുംബശ്രീ സംരംഭകരുടെ അഞ്ച് സ്റ്റാളുകളാണുള്ളത്. മേള 27ന് സമാപിക്കും.