ഡി.ഡി.യു-ജി.കെ.വൈ ‘ടാലന്റോ 24’ സംഘടിപ്പിച്ചു

ഏറ്റവും മികച്ച മനുഷ്യവിഭവശേഷിയുള്ള സംസ്ഥാനമാണ് കേരളമെന്നും അതുകൊണ്ടാണ് ലോകത്തെ ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ നേടാന്‍ മലയാളികള്‍ക്ക് സാധിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ജനുവരി ഏഴിന് സംഘടിപ്പിച്ച’ടാലന്റോ 24′ തൊഴില്‍ദാന ചടങ്ങും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 വിജ്ഞാന സമ്പത്തില്‍ അധിഷ്ഠിതമായ ഒരു വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുകയും അതുവഴി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസത്തിലും തൊഴില്‍ നൈപുണ്യശേഷിയിലും കേരളത്തിലെ യുവസമൂഹം ഏറെ മുന്നിലാണ്. അതുകൊണ്ടാണ് ലോകത്തെവിടെയുമുള്ള തൊഴില്‍രംഗത്തേക്ക് കടന്നു ചെല്ലാനും മികവ് തെളിയിക്കാനും അവര്‍ക്ക് സാധിക്കുന്നത്. രാജ്യത്ത് പ്രതിശീര്‍ഷ വരുമാനത്തില്‍ ഏറ്റവും മുന്നിലും നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും കുറവുളള സംസ്ഥാനവും കേരളമാണ്. വൈവിധ്യമാര്‍ന്ന തൊഴില്‍ അവസരങ്ങള്‍ നേടിയെടുത്തുകൊണ്ട് ജീവിതാഭിവൃദ്ധി കൈവരിക്കാന്‍ കേരളീയ സമൂഹത്തിന് സാധിച്ചതു വഴിയാണ് ഈ നേട്ടം.

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലും ജീവിത പുരോഗതിയും കൈവരിക്കാന്‍ സഹായിക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി കേരളത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഇതുവരെ 73759 പേര്‍ക്ക് വിവിധ കോഴ്‌സുകളില്‍ പരിശീലനം നല്‍കി. 52880 പേര്‍ക്ക് തൊഴിലും ലഭ്യമാക്കി. യു.എ.ഇ, യു.കെ, ജര്‍മ്മനി, ഓസ്‌ട്രേലിയ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ലഭിച്ചവരുമുണ്ട്. നൈപുണ്യപരിശീലനം നല്‍കി ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പ്രസ്ഥാനമെന്ന ലോക റെക്കോഡും കുടുംബശ്രീയെ തേടി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി പരിശീലനം നേടിയ ആയിരം പേര്‍ക്കുളള ഓഫര്‍ ലെറ്റര്‍ വിതരണവും ടാലന്റോ കണക്ട് വെബ് പോര്‍ട്ടലിന്റെ ലോഞ്ചിങ്ങും അദ്ദേഹം ചടങ്ങില്‍ നിര്‍വഹിച്ചു.  മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച പരിശീലക ഏജന്‍സികള്‍, ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ പരിശീലക ഏജന്‍സികള്‍, ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രവര്‍ത്തനം ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്ന കുടുംബശ്രീ ജില്ലാമിഷനുകള്‍, ഏറ്റവും മികച്ച തൊഴില്‍ദാതാവ് എന്നിവര്‍ക്കുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.

ദാരിദ്ര്യത്തെയും അതില്‍ നിന്നുണ്ടാകുന്ന സാമൂഹിക വിപത്തുകളെയും ഇല്ലായ്മചെയ്യുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമായി നടപ്പാക്കുന്ന ഡി.ഡി.യു.ജെ.കെ.വൈ പദ്ധതി സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ ഏറെ കരുത്തുറ്റതാക്കുമെന്ന്  കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

തൊഴില്‍ ദാതാവിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ കഴിയുന്നതാണ് പദ്ധതിയുടെ മികവെന്നും അസാപ്, കെ-ഡിസ്‌ക് പോലുള്ള സര്‍ക്കാര്‍ പദ്ധതികളും ഇതേ ലക്ഷ്യത്തിനായി നടപ്പാക്കുന്നുവെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

‘ഡി.ഡി.യു.ജി.കെ.വൈ-ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തെ അധികരിച്ച്  കേന്ദ്ര ഗ്രാമവികന മന്ത്രാലയം ജോയിന്റ് സെക്രട്ടറി കര്‍മ സിംപ ഭൂട്ടിയ സംസാരിച്ചു. മികച്ച രീതിയില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതു വഴി വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ രൂപാന്തരത്തിന് പദ്ധതി വഴിയൊരുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി വഴി നൈപുണ്യപരിശീലനവും തൊഴിലും ലഭിച്ച 200 പേരുടെ വിജയകഥകള്‍ ഉള്‍പ്പെടുത്തിയ ‘ട്രയില്‍ബ്‌ളേസേഴ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയായി.  കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ധ്യ ഗോപകുമാരന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അരുണ്‍ സി.അഡാട്ട്, കുടുംബശ്രീ ഭരണസമിതി അംഗം സ്മിത സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍. ആര്‍ നന്ദിയും പറഞ്ഞു.  

രാവിലെ പത്തു മണി മുതല്‍ 11.30 വരെ ഡോ.മാണി പോളിന്റെ മോട്ടിവേഷണല്‍ സെഷന്‍ സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം  2.30 മുതല്‍ വൈകുന്നേരം നാലു മണിവരെ  വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ പങ്കുവച്ചു. തൊഴില്‍ദാതാക്കള്‍, നൈപുണ്യ വികസന ഏജന്‍സി പ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരും ഈ സെഷനില്‍ പങ്കെടുത്തു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികളും പ്രയാന്‍ മ്യൂസിക് ബ്രാന്‍ഡ് അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.
സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കി സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ ശാക്തീകരണം സാധ്യമാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായാണ് ‘ടാലന്റോ 24’ സംഘടിപ്പിച്ചത്.