തദ്ദേശീയ വിദ്യാർത്ഥികൾ ചിത്രം വരച്ചു, ടാലൻ്റ് ലോക റെക്കോഡ് നേട്ടം കൊയ്ത് കുടുംബശ്രീ

തദ്ദേശീയരായ വിദ്യാർത്ഥികൾ തയാറാക്കിയ ഏറ്റവും വലിയ ക്യാൻവാസ് ചിത്രം എന്ന ലോക റെക്കോർഡ് അട്ടപ്പാടി ബ്ലോക്കിലെ ട്രൈബൽ വിദ്യാർത്ഥികൾ സ്വന്തമാക്കി. 186 വിദ്യാർത്ഥികൾ ചേർന്ന് 720 അടി നീളത്തിലുള്ള ക്യാൻവാസിലാണ് രണ്ടേകാൽ മണിക്കൂർ കൊണ്ട് ചിത്രം വരച്ചത്.

മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലൻ്റ് റെക്കോർഡ് ബുക്കിൻ്റെ ലോക റെക്കോഡാണ് ലഭിച്ചത്. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിനൊപ്പം ചേർന്ന് കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് ഈ പ്രവർത്തനം ഏറ്റെടുത്തു നടത്തിയത്.

അഗളി ഇ.എം.എസ് ടൗൺ ഹാളിൽ ഇന്ന് ഉച്ച കഴിഞ്ഞ് 1.45 ന് ആരംഭിച്ച പെയിന്റിംഗ് വൈകീട്ട് 4 മണിയോട് കൂടി സമാപിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവുമായ മരുതി മുരുകൻ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കളക്ടറുമായ ധർമലശ്രീ ഐ.എ.എസ് മുഖ്യാതിഥി ആയി.

ടാലൻ്റ് റെക്കോർഡ് ബുക്ക് പ്രതിനിധി ഗിന്നസ് സത്താർ ആദൂറിൽ നിന്നും വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റും മെഡലും പഞ്ചായത്ത്, കുടുംബശ്രീ പ്രതിനിധികൾ ചേർന്ന് ഏറ്റുവാങ്ങി.