തിരികെ സ്‌കൂളില്‍ പരിപാടിക്ക് സമാപനം, കെ-ലിഫ്റ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു

‘തിരികെ സ്കൂളില്‍’ ക്യാമ്പയിനില്‍ നിന്നും ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ട് മൂന്നു ലക്ഷം വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന കെ-ലിഫ്റ്റ്24 പദ്ധതി കേരളത്തിന്‍റെ സാമൂഹ്യ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ അയല്‍ക്കൂട്ട ശാക്തീകരണത്തിനായി സംഘടിപ്പിച്ച ‘തിരികെ സ്കൂളില്‍’  ക്യാമ്പയിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും,  ക്യാമ്പയിന്‍റെ തുടര്‍ച്ചയായി മൂന്ന്ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവനം ഒരുക്കാന്‍ ലക്ഷ്യമിട്ട് ആവിഷ്കരിച്ച  ഉപജീവന ക്യാമ്പയിന്‍ കുടുംബശ്രീ ലൈലവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ കെ-ലിഫ്റ്റ്-24ന്‍റെ  ഉദ്ഘാടനവും വഴുതക്കാട് ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീയുടെ ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു തിരികെ സ്കൂളില്‍ ക്യാമ്പയിന്‍. 2023 ഒക്ടോബര്‍ ഒന്നിനും 2023 ഡിസംബര്‍ 31നുംഇടയിലുളള പൊതു അവധി ദിനങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 38,70,794 ലക്ഷംഅയല്‍ക്കൂട്ട അംഗങ്ങളാണ്  പങ്കെടുത്തത്. കുടുംബശ്രീയുടെ കീഴില്‍ ആകെയുള്ള 3,14,810 അയല്‍ക്കൂട്ടങ്ങളില്‍ 3,11,758 അയല്‍ക്കൂട്ടങ്ങളും ക്യാമ്പയിനില്‍ പങ്കാളികളായി. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കിയതിനൊപ്പം കേരളീയ കുടുംബങ്ങളില്‍ നല്ല മാറ്റങ്ങള്‍ക്കും ക്യാമ്പയിന്‍  വഴിയൊരുക്കി. കൂട്ടായ്മയുടെ കരുത്തില്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവിയിലെ സാധ്യതകളും വെല്ലുവിളികളും മനസിലാക്കുന്നതിനും കഴിഞ്ഞു. ഈ ക്യാമ്പയിനില്‍ നിന്നു ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ട് നടപ്പാക്കുന്ന കെ-ലിഫ്റ്റ് 24 ഉപജീവന പദ്ധതി വഴി കേരളത്തില്‍ മൂന്നു ലക്ഷത്തിലേറെ വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനി കുടുംബശ്രീ നടപ്പാക്കുന്നത്. 

 ബജറ്റില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിക്ക് തൊട്ടടുത്ത ദിവസം തുടക്കമിടാന്‍ കഴിയുന്ന ഒരേയൊരു പ്രസ്ഥാനവും കുടുംബശ്രീ മാത്രമാണ്. നീതി ആയോഗിന്‍റെ കണക്കുകള്‍പ്രകാരം ദാരിദ്ര്യത്തിന്‍റെകുറവ് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തിനുളളില്‍ അതിദരിദ്രരുടെ പട്ടികയില്‍ നിന്നും 47.9 ശതമാനം പേരെ ദാരിദ്ര്യമുക്തമാക്കാന്‍ കഴിഞ്ഞു.  2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇതില്‍ കുടുംബശ്രയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിന്ന് വരുമാനവര്‍ധനവിലേക്ക് എന്നതാണ് ഇനിയുള്ള കുടുംബശ്രീയുടെ ലക്ഷ്യം. ഒരു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നതിലൂടെ 2025 ല്‍ മറ്റൊരു ലോക റെക്കോര്‍ഡ് ലഭിക്കുന്ന പദ്ധതിയായി കെ-ലിഫ്റ്റ് 24 മാറട്ടെ എന്നും മന്ത്രി പറഞ്ഞു.

 ഏറ്റവും കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന ക്യാമ്പെയ്ന്‍ എന്ന വിഭാഗത്തില്‍ ലഭിച്ച ഏഷ്യ ബുക്ക്ഓഫ് റെക്കോര്‍ഡ്സ്, ഇന്‍ഡ്യ ബുക്ക് ഓഫ്റെക്കോഡ്സ് ലോകറെക്കോര്‍ഡുകളുടെ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍, ‘തിരികെസ്കൂളില്‍’ സുവനീര്‍ പ്രകാശനം, ഉപജീവന ക്യാമ്പയിന്‍ ‘ക്ളിഫ്റ്റ് 24’ കൈപ്പുസ്തകത്തിന്‍റെയും ലോഗോയുടെയും പ്രകാശനം എന്നിവയും മന്ത്രി  നിര്‍വഹിച്ചു.

തിരികെ സ്കൂളില്‍ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച ഊര്‍ജം ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ലക്ഷ്യബോധവും നല്‍കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍  ജാഫര്‍ മാലിക് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡീഷണല്‍ ചീഫ്സെക്രട്ടറി ശാരദമുരളീധരന്‍ ‘തിരികെ സ്കൂളില്‍’ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ജില്ലാമിഷനുകള്‍ക്കുള്ള ആദരം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം ഐ.എ.എസ്,  കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീത നസീര്‍, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്  പ്രതിനിധി വിവേക് നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ സതികുമാരി എസ്, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു ശശി, വിനീത പി ഷൈന എ, ബീന പി എന്നിവര്‍ പങ്കെടുത്തു. തൊളിക്കോട് സി.ഡി.എസ് അധ്യക്ഷ ഷംന നവാസ് സ്വാഗതവും  കഞ്ഞിക്കുഴി സി.ഡി.എസിലെ ജ്യോതി ഓക്സിലറി ഗ്രൂപ്പ് അംഗം ആര്യ.എസ്.ശാന്തി നന്ദിയും പറഞ്ഞു.

രാവിലെ നടന്ന പരിപാടിയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് ‘തിരികെസ്കൂളില്‍’-വിജയകഥ ‘ എന്ന വിഷയത്തെ അധികരിച്ച്സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ എന്നിവര്‍ ക്യാമ്പയിനില്‍ പങ്കെടുത്തതിന്‍റെ അനുഭവം പങ്കു വച്ചു. കുടുംബശ്രീയുടെ ഭാവിപ്രവര്‍ത്തനങ്ങളുടെ അവതരണം, സമാപന സമ്മേളനത്തിനു ശേഷം വിവിധ ജില്ലകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

രജതജൂബിലി പിന്നിട്ട കുടുംബശ്രീ മിഷന്‍ പുതിയവര്‍ഷത്തില്‍ ഏറ്റെടുത്തിരിക്കുന്ന നൂതനവും വിപുലവുമായ ദൗത്യങ്ങളിലൊന്നാണ് കുടുംബശ്രീ ലൈലവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍-കെ-ലിഫ്റ്റ് 24. ( Kudumbashree  Livelihood Initiatative for Tansformation K-LIFT24) മൂന്ന് ലക്ഷം വനിതകള്‍ക്ക് പദ്ധതിയിലൂടെ  സുസ്ഥിര വരുമാനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നു. ഒരുഅയല്‍ക്കൂട്ടത്തില്‍ നിന്നുംചുരുങ്ങിയത്ഒരുസംരംഭം/തൊഴില്‍ എന്ന കണക്കില്‍  ഉപജീവനമാര്‍ഗം സൃഷ്ടിച്ചു   കൊണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും സുസ്ഥിര വരുമാനം ലഭ്യമാക്കും. 1070 സി.ഡി.എസ്സുകള്‍ക്ക്കീഴിലായി 3,16,860അയല്‍ക്കൂട്ടങ്ങളാണ് നിലവിലുള്ളത്. ഇത്രയും വനിതകള്‍ക്ക് ഉപജീവനമാര്‍ഗ്ഗംഒരുക്കുന്നതിലൂടെ ഈ കാമ്പയിന്‍ കേരളത്തിന്‍റെദാരിദ്ര്യനിര്‍മാജന രംഗത്ത് പുതിയ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷ.