അയൽക്കൂട്ടാംഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് 46 ലക്ഷം കുടുംബശ്രീ വനിതകളെ സ്കൂളുകളിലേക്ക് എത്തിച്ച് സംഘടിപ്പിക്കുന്ന ‘ തിരികെ സ്കൂളിൽ ‘ ക്യാമ്പയിൻ്റെ ഭാഗമായി വിദഗ്ധർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. തൃശൂർ പീച്ചിയിലുള്ള വനംവകുപ്പിൻ്റെ ഗവേഷണ സ്ഥാപനത്തിൽ സെപ്റ്റംബർ 15, 16 തിയതികളിലാണ് ജില്ലകളിൽ പരിശീലനം നൽകാനുള്ള 130 വിദഗ്ധർക്ക് ക്ലാസ്സുകൾ നൽകിയത്.
പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡേവീസ് മാസ്റ്റർ പതാക വീശി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയരക്ടർ ജാഫർ മാലിക് ഐ.എ.എസ് ഓൺലൈനായി അംഗങ്ങളോട് സംസാരിച്ചു. സംസ്ഥാന കോർ ടീം അംഗങ്ങളായ 15 പേർ പരിശീലനത്തിന് നേതൃത്വം നൽകി.
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി ഒക്ടോബർ ഒന്ന് മുതൽ സിസംബർ 10 വരെ സാധ്യമായ ഒഴിവുദിനങ്ങളിലാണ് അതാത് സി.ഡി.എസിൻ്റെ കീഴിലുള്ള സ്കൂളുകളിലേക്ക് വിവിധ വിഷയങ്ങളിൽ വിജ്ഞാന സമ്പാദനത്തിനായി അയൽക്കൂട്ടാംഗങ്ങൾ എത്തുന്നത്. സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്കൂളുകള്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്.
സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പെയിൻ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ലാസ്സ് സമയം. 9.30 മുതല്‍ 9.45 വരെ അസംബ്ളി. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. തുടർന്ന് കുടുംബശ്രീ ലോഗോ ചേർത്തുള്ള പതാക വീശിയാണ് ഉദ്ഘാടനം നടക്കുക അതിനു ശേഷം ക്ലാസ്സുകൾ ആരംഭിക്കും. സംഘാടന ശക്തി അനുഭവ പാഠങ്ങൾ, അയല്‍ക്കൂട്ടത്തിന്‍റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികൾ, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍.
പരിപാടിക്ക് കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ രതീഷ് പിലിക്കോട്, ഡോ.വി.പി.പി മുസ്തഫ, ഡോ.എം.കെ.രാജശേഖരൻ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ നിഷാദ്.സി.സി, അനീഷ് കുമാർ.എം.എസ്, അസി. പ്രോഗ്രാം മാനേജർ വിപിൻ വി.സി, പരിശീലന ടീം അംഗം ശാന്തകുമാർ, കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ നിർമ്മൽ സി.സി, ജില്ലാ പ്രോഗ്രാം മാനേജർ റെജി തോമസ് എന്നിവർ നേതൃത്വം നൽകി.