തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കണ്ണൂരിലെ റിപ്പബ്ലിക് ദിന പരേഡില്‍ താരങ്ങളായി ‘ബഡ്‌സ്’ പ്രതിഭകൾ

2023ല്‍ കണ്ണൂരിലെ പോലീസ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഏവരിലും വിസ്മയമുണര്‍ത്തിയ ഒരു ബാന്‍ഡ് ട്രൂപ്പുണ്ടായിരുന്നു. മട്ടന്നൂര്‍ പഴശ്ശിരാജാ ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കുട്ടികളുടെ ബാന്‍ഡ് സംഘം. അതേ ബാന്‍ഡ് സംഘം ഇന്നലെ പോലീസ് ഗ്രൗണ്ടില്‍ വീണ്ടും റിപ്പബ്ലിക് ദിന പരേഡിനെത്തി. അതിഗംഭീര പ്രകടനത്തോടെ ഏവരേയും വീണ്ടും അമ്പരപ്പിച്ചു.

2022ല്‍ രൂപീകരിച്ച ബാന്‍ഡ് ടീമില്‍ 14 അംഗങ്ങളാണുള്ളത്. മജുഷ, പ്രണവ് , റജിനിസ് , അര്‍ഷാദ്, അക്ഷയ്, സനീഷ്, ഫാത്തിമ, മുബീന, മുഹമ്മദ് മുസ്താഖ്, നിഖിഷ , ജിതിന്‍, അപര്‍ണ്ണ, രഞ്ജിനി, ഫാത്തിമത് നാഫിയ എന്നിവര്‍.

കണ്ണൂരില്‍ സംഘടിപ്പിച്ച ബഡ്‌സ് സംസ്ഥാനതല കലോത്സവം തില്ലാനയിലെ ഉദ്ഘാടന ചടങ്ങിലും ഇവര്‍ ശ്രദ്ധ നേടിയിരുന്നു. ഉദ്ഘാടനത്തിനെത്തിയവരെ ഇവരുടെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

ബഡ്‌സ് കുട്ടികള്‍ക്ക് അവരുടെ കഴിവിന് അനുസരിച്ച് ഒരു മേഖലയില്‍ തിളങ്ങാനായി എല്ലാവിധ അവസരവും ഒരുക്കി നല്‍കിയ കണ്ണൂര്‍ കുടുംബശ്രീ ജില്ലാ മിഷനും അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും എല്ലാവിധ അഭിനന്ദനങ്ങളും നേരട്ടെ.