തൃശ്ശൂരില്‍ കറിപൗഡര്‍ കണ്‍സോര്‍ഷ്യത്തിന് ഓഫീസ് തുറന്നു

കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന കറി പൗഡറുകള്‍ ഉള്‍പ്പെടെയുള്ള പൊടി ഉത്പന്നങ്ങള്‍ ഒരു ബ്രാന്‍ഡില്‍ പൊതുവിപണിയില്‍ ലഭ്യമാക്കുന്ന ബ്രാന്‍ഡിങ് പദ്ധതിയുടെ ഭാഗമായി തൃശ്ശൂരില്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന് സ്വന്തമായി ഓഫീസ് തുറന്നു. നടത്തറ ഗ്രാമ പഞ്ചായത്തിലെ പൂച്ചെട്ടിയിലുള്ള വനിതാ കൈത്തൊഴില്‍ കേന്ദ്രത്തില്‍ ഓഫീസിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് സംഘടിപ്പിച്ച ചടങ്ങില്‍ റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വഹിച്ചു. 

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, ചിക്കന്‍ മസാല, ഫിഷ് മസാല, മീറ്റ് മസാല, ഗരം മസാല, സ്റ്റീംഡ് പുട്ടുപൊടി, ഗോതമ്പ് പൊടി, അപ്പം പൊടി എന്നീ വിവിധ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ സംരംഭങ്ങളെ ഏകീകരിച്ച് ‘കുടുംബശ്രീ’ എന്ന ബ്രാന്‍ഡില്‍ ഒരേ ഗുണനിലവാരത്തിലും പായ്ക്കിങ്ങിലും പൊതുവിപണിയില്‍ ലഭ്യമാക്കുന്നതാണ് ‘ബ്രാന്‍ഡിങ്’ പദ്ധതി. 2019-20 സാമ്പത്തിക വര്‍ഷം പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ബ്രാന്‍ഡിങ് നടത്തിയിരുന്നു. പിന്നീട് മലപ്പുറം, കോട്ടയം, തൃശ്ശൂര്‍, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.  

ജില്ലാതലത്തില്‍ തെരഞ്ഞെടുത്ത യൂണിറ്റുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിച്ച് ആ കണ്‍സോര്‍ഷ്യങ്ങള്‍ മുഖേനയാണ് വികേന്ദ്രീകൃത രീതിയില്‍ സംരംഭകര്‍ തയാറാക്കുന്ന ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങും അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതും ഈ കണ്‍സോര്‍ഷ്യമാണ്. തൃശ്ശൂര്‍ ജില്ലയിലെ തെരഞ്ഞെടുത്ത 15 യൂണിറ്റുകളില്‍ നിന്നായി 34 പേരാണ് കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായിട്ടുള്ളത്. 

ഉദ്ഘാടന ചടങ്ങില്‍ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. രജിത്ത് പി.ആര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് പി.കെ, അശോക് കുമാര്‍ എം.എസ്, സിജുകുമാര്‍. എ, നടത്തറ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജീജ ജയന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധകൃഷ്ണന്‍ സ്വാഗതവും കറിപൗഡര്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഓമന കെ.എന്‍ നന്ദിയും അറിയിച്ചു.