തൊഴിലന്വേഷകര്‍ക്കായി എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 ക്ക് തുടക്കം

വൈജ്ഞാനിക തൊഴിലില്‍ തല്‍പ്പരരായ, പ്ലസ്ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 59 നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷര്‍ക്ക് തൊഴിലവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതിക്ക് തുടക്കം. കേരള നോളെജ് ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 29ന് പാലക്കാട് കൂറ്റനാട് സംഘടിപ്പിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പദ്ധതിക്കുകീഴില്‍ രജിസ്റ്റര്‍ ചെയ്ത 399 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കാണ് യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ചുള്ള തൊഴില്‍ ലഭിക്കുക.
തദ്ദേശ സ്ഥാപനതലത്തില്‍ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (DWMS) രജിസ്റ്റര്‍ ചെയ്തവരെയാണ് പരിശീലനം നല്‍കി തൊഴില്‍ സജ്ജരാക്കുന്നത്. റിമോട്ട് വര്‍ക്കുകള്‍, ഫ്രീലാന്‍സ് ജോലികള്‍, വര്‍ക്ക് ഓണ്‍ ഡിമാന്‍ഡ് ജോലികള്‍, പാര്‍ട്ട് ടൈം ജോലികള്‍ ഉള്‍പ്പെടെ നവലോക തൊഴിലുകള്‍ കണ്ടെത്തി അവ നേടുന്നതിനാവശ്യമായ പരിശീലനങ്ങള്‍ തൊഴിലന്വേഷകര്‍ക്ക് നല്‍കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രത്യേക തൊഴില്‍ മേളകളിലൂടെ തൊഴില്‍ ഉറപ്പാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ തൊഴിലന്വേഷകര്‍, സ്വയം തൊഴില്‍ സംരംഭകര്‍, തൊഴില്‍ദായക സംരംഭകര്‍, സംരംഭപുനരുജ്ജീവനം ആവശ്യമുള്ളവര്‍, സംരംഭകത്വ മികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ ഉള്‍പ്പെടുന്ന തൊഴില്‍സഭകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍. തൊഴില്‍ സഭകളില്‍ നിന്ന് തൊഴിലന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് വ്യത്യസ്ത തൊഴില്‍ ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഈ തൊഴില്‍ ക്ലബ്ബുകള്‍ വഴിയാണ് നോളജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തൊഴിലന്വേഷകരിലേക്കെത്തുന്നത്.

തൊഴില്‍ മേളകള്‍ നടത്തുന്നതുവരെ തൊഴില്‍ ക്ലബ്ബുകള്‍ സജീവമായിരിക്കും. തൊഴിലന്വേഷകര്‍ക്കായി 399 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും തൊഴില്‍ മേളകള്‍ നടത്തും. അതോടൊപ്പം തദ്ദേശസ്വയംഭരണങ്ങളുമായി സഹകരിച്ചുകൊണ്ട് വര്‍ക്ക് നിയര്‍ ഹോം സൗകര്യം ആരംഭിക്കുകയും തൊഴിലന്വേഷകര്‍ ആഗ്രഹിക്കുന്ന ജോലി വീട്ടില്‍നിന്ന് അധികം അകലെയല്ലാതെ തന്നെ അതാത് പ്രദേശങ്ങളിലെ സെന്ററുകളിലിരുന്ന് ചെയ്യുവാനുള്ള അവസരവും ലഭ്യമാക്കുന്നു.