തൊഴിലരങ്ങത്തേക്ക് 2.0-ന് തുടക്കം

അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് വൈജ്ഞാനിക തൊഴില്‍ മേഖലയില്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളെജ് ഇക്കോണമി മിഷന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. പദ്ധതിയുടെ ആദ്യഘട്ടം 2023 മാര്‍ച്ചില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് താത്പര്യപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 399 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് തൊഴിലരങ്ങത്തേക്ക് 2.0 പദ്ധതി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഫീല്‍ഡ്തലത്തില്‍ ഏകോപിപ്പിക്കുക.

സെപ്റ്റംബര്‍ നാലിന് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ വനിതാ – ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വി.കെ. പ്രശാന്ത് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.

നോളെജ് മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡി.ഡബ്ല്യു.എം.എസ് (ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) – ല്‍ പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും തൊഴില്‍ തയ്യാറെടുപ്പിനുള്ള പിന്തുണ നോളജ് എക്കണോമി മിഷന്‍ സംവിധാനത്തിലൂടെ നല്‍കും. നൈപുണീ പരിശീലനം, കരിയര്‍ കൗണ്‍സിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ്, റോബോട്ടിക് ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെടുന്നതാണ് മിഷന്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍.

പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീ തൊഴിലന്വേഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിലന്വേഷകരെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് നോളജ് ജോബ് യൂണിറ്റുകള്‍ രൂപീകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. ഒന്നാംഘട്ടത്തില്‍ രൂപീകരിക്കപ്പെട്ടതുള്‍പ്പെടെയുള്ള നോളജ് ജോബ് യൂണിറ്റുകള്‍ സജീവമാക്കിയാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുക. നിലവില്‍ 14 ജില്ലകളില്‍ നിന്നായി 2,77, 850 സ്ത്രീതൊഴിലന്വേഷകരാണ് പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അടുത്തവര്‍ഷം മാര്‍ച്ച് 31ന് മുമ്പ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാകും. 399 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശീലനവും തൊഴില്‍ മേളകളും സംഘടിപ്പിക്കും.

പരിപാടിയില്‍ നോളജ് മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു വി.സി, കേരള നോളജ് എക്കണോമി മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സി. മധുസൂദനന്‍, കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീജിത്ത്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സാബു. ബി എന്നിവര്‍ സംസാരിച്ചു.

ചടങ്ങിനോട് അനുബന്ധിച്ച് സ്ത്രീകളും വിജ്ഞാന തൊഴില്‍ സാധ്യതകളും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു.