ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് ആലപ്പുഴ വേദിയാകും. 2025 ജനുവരി 20 മുതല്‍ 31 വരെ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേളയ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാക്കുന്ന അതിഗംഭീര ഫുഡ്‌കോര്‍ട്ടും കലാ സാംസ്‌ക്കാരിക പരിപാടികളും മാറ്റ് കൂട്ടും. 1.5 ലക്ഷം ചതുരശ്ര അടിയിലുള്ള പവലിയനിലൊരുക്കുന്ന മേളയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യവുമാണ്.
സരസ് മേളയുടെ ലോഗോയും ടാഗ്‌ലൈനും കണ്ടെത്താന്‍ നടത്തിയ മത്സരത്തില്‍ പത്തനംതിട്ട സീതത്തോട് സ്വദേശിയായ നിതിന്‍. എസ് വിജയിയായി. ‘ഒന്നായി വളര്‍ന്ന് ആകാശ ചിറകില്‍’ എന്നതാണ് മേളയുടെ ടാഗ്‌ലൈന്‍. ഇന്നലെ ആലപ്പുഴ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയി കൊട്ടാരച്ചിറയ്ക്ക് നല്‍കി ലോഗോയുടെ പ്രകാശനവും നിര്‍വഹിച്ചു.
കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രദര്‍ശന വിപണന സ്റ്റാളുകളില്‍ കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയെല്ലാമുണ്ടാകും. 30 സ്റ്റാളുകളുള്ള ഫുഡ്‌കോര്‍ട്ടില്‍ നിന്ന് ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാം. എല്ലാദിവസവും കലാ സാംസ്‌ക്കാരിക പരിപാടികളും സെമിനാറുകളും മേളയിലുണ്ടാകും. അനുബന്ധമായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ഷോ, പെറ്റ്‌ഷോ, പുസ്തകമേള എന്നിവയുമുണ്ടാകും.
മന്ത്രി ശ്രീ. സജി ചെറിയാന്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ് ഐ.എ.എസ് ജനറൽ കണ്‍വീനറും ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത്. എസ് കണ്‍വീനറുമായുള്ള സംഘാടക സമിതിയും 18 ഉപസമിതികളും മേളയുടെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
മേളയുടെ ഭാഗമായി പോസ്റ്റര്‍, ഭാഗ്യചിഹ്നം, തീം സോങ് എന്നീ മത്സരങ്ങളില്‍ പങ്കെടുത്ത് ക്യാഷ് പ്രൈസ് നേടാനും അവസരമുണ്ട്. ആലപ്പുഴ ജില്ലയുടെ തനത് സാംസ്‌ക്കാരിക തനിമയും കലാസാന്നിധ്യവും പ്രാദേശികമായ പ്രത്യേകതകളും ഒത്തിണങ്ങിയ ഭാഗ്യചിഹ്നവും പോസ്റ്ററുമാണ് തയാറാക്കേണ്ടത്. എന്‍ട്രികള്‍ sarasalp2025@gmail.com എന്ന വിലാസത്തില്‍ ഈ മാസം 16ന് മുന്‍പ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9020651322, 9072102606