ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഒരുക്കുന്ന ദേശീയ സരസ് മേള ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ 2025 ജനുവരി 17 മുതല്‍ 28 വരെ. മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഇന്നലെ ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. യോഗം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ശോഭ വര്‍ഗ്ഗീസ് അധ്യക്ഷയായി.
മന്ത്രി സജി ചെറിയാന്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ അലക്‌സ്.എം. വര്‍ഗ്ഗീസ് ഐ.എ.എസ് ജനറല്‍ കണ്‍വീനറും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. രഞ്ജിത്ത് കണ്‍വീനറുമായുള്ള 1001 അംഗ ജനറല്‍ കമ്മിറ്റിയും 251 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്.
ഉത്പന്നങ്ങള്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യ ഫുഡ് കോര്‍ട്ടും സാംസ്‌ക്കാരിക പരിപാടികള്‍, സെമിനാറുകള്‍, ഘോഷയാത്ര ഉള്‍പ്പെടെ വിവിധ പരിപാടികളും മേളയുടെ ഭാഗമായുണ്ടാകും. ഇത് കൂടാതെ ചെങ്ങന്നൂര്‍ പെരുമയുമായി യോജിച്ചുള്ള പരിപാടികളും വളളം കളിയും സംഘടിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. സലിം, പി.കെ.വേണുഗോപാല്‍, ഫോക്‌ലോര്‍ അക്കാഡമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍, എം.ശശികുമാര്‍ , ഹേമലത മോഹന്‍, കെ.കെ. സദാനന്ദന്‍, ടി.വി. രത്‌നകുമാരി, എം.ജി. ശ്രീകുമാര്‍, ജി. വിവേക്, ഉമ്മന്‍ ആലുംമ്മൂട്ടില്‍, ടി.റ്റി.എം. വര്‍ഗ്ഗീസ്, ശശികുമാര്‍ ചെറുകോല്‍, പി.ആര്‍. രമേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്.രഞ്ജിത്ത് സ്വാഗതം പറഞ്ഞു.