“നയി ചേത്ന’ ലിംഗാധിഷ്ഠിത വിവേചനങ്ങൾക്കെതിരേ കുടുംബശ്രീ ജില്ലാതലക്യാമ്പെയ്ന് തുടക്കം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന  “നയി ചേത്ന’ ജെൻഡർ ക്യാമ്പെയ്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 25-11-2023ന്‌ തുടക്കം. “ലിംഗാധിഷ്ഠിത വിവേചനങ്ങൾക്കെതിരേ’ എന്നതാണ് ഈ വർഷത്തെ വിഷയം. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾ. 

 സ്ത്രീകൾ, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികൾ എന്നിവർക്ക് വിവേചനങ്ങളും അതിക്രമങ്ങളും നേരിടാതെ അവകാശത്തിൽ അധിഷ്ഠിതമായി നിർഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ക്യാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നത്. ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ പ്രവാസി ഭാരതീയ കേന്ദ്രത്തിൽ കേന്ദ്ര ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രി ഗിരിരാജ് സിംഗ് ക്യാമ്പെയ്ന്റെ ദേശീയതല ഉദ്ഘാടനം നിർവഹിച്ചു.

ലിംഗവിവേചനത്തിനെതിരേ സ്ത്രീകളെ സജ്ജരാക്കുന്നതിനൊപ്പം സ്വന്തം അവകാശങ്ങളെ കുറിച്ചുള്ള അറിവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പെയ്ന്റെ ഭാഗമായാണ് ഈ വർഷവും പ്രവർത്തനങ്ങൾ തുടരുന്നത്. 3,16,860 അയൽക്കൂട്ടങ്ങൾ, 19470 എ.ഡി.എസ്, 1070 സി.ഡി.എസ്, 824 ജെൻഡർ റിസോഴ്സ് സെന്ററുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നാല് ആഴ്ചകളിലായാണ് ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾ. ഓരോ ആഴ്ചയിലും സംഘടിപ്പിക്കേണ്ട പ്രവർത്തനങ്ങളുടെ കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്.

പീഡനങ്ങൾ നേരിടാതെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് മാന്യവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പു വരുത്തുന്ന പോഷ് ആക്ട് സംബന്ധിച്ചും  എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റി രൂപീകരിക്കുന്നതിനുമായുള്ള പരിശീലനങ്ങൾ, ലിംഗാധിഷ്ഠിത വിവേചനങ്ങൾക്കെതിരേ യോഗങ്ങൾ,  ലിംഗവിവേചനത്തിനെതിരേ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുരുഷൻമാർ, ആൺകുട്ടികൾ, പ്രാദേശിക നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ഗ്രൂപ്പ് ചർച്ചകൾ, പോസ്റ്റർ,ഹാഷ്ടാഗ്, ചുവർചിത്ര ക്യാമ്പെയ്നുകൾ, പ്രതിജ്ഞയെടുക്കൽ, തെരുവു നാടകങ്ങൾ, ഫ്ളാഷ് മോബ്, ഹ്രസ്വചിത്ര പ്രദർശനം, സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ പ്രതികരിക്കുകയും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുള്ള സ്ത്രീകളെ ആദരിക്കൽ എന്നിവയും ക്യാമ്പെയ്ന്റെ ഭാഗമായി നാല് ആഴ്ചകളിലായി സംഘടിപ്പിക്കും. അതിക്രമങ്ങളെ അതിജീവിച്ച വനിതകളുടെ അനുഭവങ്ങൾ പങ്കു വയ്ക്കലും ഇതോടൊപ്പം ഉണ്ടാകും.

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പ്രത്യേകം തയ്യാറാക്കി നൽകിയ ലഘുലേഖകൾ, പോസ്റ്ററുകൾ,  ഹ്രസ്വചിത്രങ്ങൾ, ലഘുലേഖകൾ എന്നിവയും ബോധവൽക്കരണ പ്രചാരണ പരിപാടികൾക്കു വേണ്ടി ഉപയോഗിക്കും. ക്യാമ്പയ്ന്റെ വിജയത്തിനായി സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെയും  സ്ഥാപനങ്ങളുടെയും സംയോജനവും ഉറപ്പു കുടുംബശ്രീ വരുത്തിയിട്ടുണ്ട്.