നരിപ്പറ്റ സി.ഡി.എസിന്റെ ചേര്‍ത്തുനിര്‍ത്തലില്‍ രതിക്കും മക്കള്‍ക്കും സ്വന്തമായത് വീടും ഉപജീവന മാര്‍ഗ്ഗവും.. അഭിനന്ദനങ്ങള്‍ നേരാം

കോഴിക്കോട് മുണ്ടിയോട് ഏഴാം വാര്‍ഡില്‍ ഉയര്‍ന്ന ‘സ്‌നേഹവീട്ടി’ലേക്ക് ഈ 20ാം തീയതി വലംകാല്‍ വച്ചുകയറുമ്പോള്‍ രതിയും മക്കളും കുടുംബശ്രീയുടെ സ്‌നേഹവും കരുതലും ചേര്‍ത്തുനിര്‍ത്തലും ഒരിക്കല്‍ക്കൂടി അനുഭവിച്ചറിയുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടതിന് ശേഷം രണ്ട് മക്കളുമായി വാടക വീടുകള്‍ മാറിമാറിത്താമസിച്ച് നിത്യവൃത്തിക്ക് പോലും കഷ്ടപ്പെട്ടിരുന്ന രതിക്ക് കുടുംബശ്രീയുടെ തണലില്‍ ലഭ്യമായത് സ്വന്തമായൊരു കിടപ്പാടവും ഒരു ഉപജീവന മാര്‍ഗ്ഗവുമാണ്.

തങ്ങളിലൊരാളായ രതിയുടെ കഷ്ടത നിറഞ്ഞ ജീവിതം കണ്ടറിഞ്ഞ നരിപ്പറ്റ സി.ഡി.എസ് ഭാരവാഹികളാണ് അതിനൊരു പരിഹാരം കണ്ടെത്തണമെന്നുറച്ച് മുന്നിട്ടിറങ്ങിയത്. സി.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടങ്ങളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സമാഹരിച്ച 4,75,000 രൂപ ഉപയോഗിച്ച് സ്ഥലം വാങ്ങി അവിടെ വീട് വച്ചുനല്‍കുകയായിരുന്നു. കൂടാതെ ജനകീയ ഹോട്ടലില്‍ രതിക്ക് ജോലിയും നല്‍കി.

ഡിഗ്രിക്ക് പഠിക്കുന്ന മകള്‍ക്കും പ്ലസ് വണ്ണിന് പഠിക്കുന്ന മകനുമൊപ്പം ‘സ്‌നേഹവീട്’ എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ കുടുംബശ്രീയുടെ സ്‌നേഹത്തണല്‍ എന്നുമുണ്ടാകുമെന്ന ഉറപ്പില്‍ ആശ്വാസത്തോടെ ജീവിച്ചു തുടങ്ങിയിരിക്കുകയാണ് രതി.