നിളാതീരത്തൊരു നാഞ്ചില്‍ 2.0

മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ പൊന്നാനി നഗരസഭയും നബാര്‍ഡുമായും ചേര്‍ന്ന് നടത്തുന്ന നാഞ്ചില്‍ 2.0 കാര്‍ഷിക പ്രദര്‍ശന വിജ്ഞാന വിപണനമേള ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നു. ഒക്ടോബര്‍ 27ന് തുടക്കമായ മേള 31 വരെ നീളും. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണനം, ഭക്ഷ്യമേള എന്നിവയിലൂടെ രണ്ട് ദിനംകൊണ്ട് 3.25 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും ചെറുധാന്യ പ്രദര്‍ശനവും പോഷകാഹാരമേളയുമെല്ലാം നാഞ്ചില്‍ 2.0നെ വേറിട്ടതാക്കുന്നു.
കുടുംബത്തിന്റെ പൂര്‍ണ്ണ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്ന ജൈവ കാര്‍ഷിക ഉദ്യാനങ്ങള്‍ എല്ലാ വീടുകളിലും സജ്ജീകരിക്കുന്ന കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും എസ്എംഎഎം (സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കാനൈസേഷന്‍) പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കില്‍ ലഭിച്ച കാര്‍ഷിക യന്ത്രങ്ങളുടെ വിതരണ ഉദ്ഘാടനവും പൊന്നാനി എംഎല്‍എ പി. നന്ദകുമാര്‍ നാഞ്ചില്‍ 2.0യുടെ ഭാഗമായി നിര്‍വഹിച്ചു.
കൃഷി കൂട്ടങ്ങളും കാര്‍ഷിക മേഖലയുടെ വികസനവും, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറു ധാന്യങ്ങളിലേക്ക് – സംരംഭ സാധ്യതകള്‍, ഫാമിലി ഫാമിംഗ്- അഗ്രി എക്കോളജിക്കല്‍ പ്രാക്ടീസ് എന്നീ വിഷയങ്ങളില്‍ നാഞ്ചില്‍ 2.0യുടെ ഭാഗമായി സെമിനാറുകളും സംഘടിപ്പിച്ചു. എല്ലാ ദിവസങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറുന്നു.