കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റു കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും പൊതുജനങ്ങളിലേക്ക് നേരിട്ട് ലഭ്യമാക്കുന്ന നേച്ചേഴ്‌സ് ഫ്രഷ് അഗ്രി കിയോസ്‌ക് ആലപ്പുഴയിലും. ജില്ലയിലെ ആദ്യ കിയോസ്‌ക് തകഴി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിലാണ് ആരംഭിച്ചത്. കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീ കൂട്ടുത്തരവാദിത്ത കൃഷി സംഘ (ജെ.എല്‍.ജി – ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) അംഗങ്ങളുടെ ഉത്പന്നങ്ങളാണ് കിയോസ്‌കുകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.
മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ട വെജിറ്റബിള്‍ കിയോസ്‌ക്ക് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് തകഴിയിലെ കിയോസ്‌ക് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ 89,917 കര്‍ഷക സംഘങ്ങളിലായി 4,14,881 വനിതാ കര്‍ഷകര്‍ 15,000ത്തിലധികം ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്തുവരുന്നു. ഇവരുത്പാദിപ്പിക്കുന്ന കാര്‍ഷികവിളകള്‍ക്ക് മികച്ച വിപണനാവസരമാണ് കിയോസ്‌കുകളിലൂടെ ലഭിച്ചിരിക്കുന്നത്.
സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് നേച്ചേഴ്സ് ഫ്രഷ് കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്‌കിലും വിപണന ചുമതലയുണ്ടായിരിക്കും. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിട്ടുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ വഴിയാണ് ഉത്പന്നങ്ങള്‍ ജെ.എല്‍.ജി അംഗങ്ങളില്‍ നിന്ന് സംഭരിക്കുന്നത്.
നവംബര്‍ 13ന് തകഴി പഞ്ചായത്ത് അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കിയോക്‌സിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗീതാ മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശശാങ്കന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയചന്ദ്രന്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടെസി ബേബി, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ വിമലമ്മ, മറ്റ് ജനപ്രതിനിധികള്‍, സി.ഡി.എസ് മെമ്പര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, അക്കൗണ്ടന്റ്, ബ്ലോക്കിലെ അഗ്രി സി.ആര്‍.പി-മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍, ജെ.എല്‍.ജി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.