കുടുംബശ്രീയുടെ കീഴിലുളള കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെ ഗുണനിലവാരമുളള ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ബ്ളോക്ക്തലത്തില്‍ തുടങ്ങുന്ന നേച്ചേഴ്സ് ഫ്രഷ്’ കാര്‍ഷിക ഔട്ട്ലെറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന ‘നേച്ചേഴ്സ് ഫ്രഷ്’ കാര്‍ഷിക ഔട്ട്ലെറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വര്‍ക്കല ബ്ളോക്ക് പഞ്ചായത്തില്‍ ജനുവരി 25ന് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ ബ്ളോക്കിലുമായി 100 നേച്ചേഴ്സ് ഫ്രഷ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കും. അതിനു ശേഷം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. നിത്യേനയുള്ള ഉപയോഗത്തിനായി പച്ചക്കറികളും പഴങ്ങളും നമുക്കാവശ്യമാണ്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള 81304 കര്‍ഷക സംഘങ്ങളിലായി 378138 വനിതകള്‍ 12819 ഹെക്ടറില്‍ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പുതുതായി ആരംഭിച്ച കാര്‍ഷിക ഔട്ട്ലെറ്റുകള്‍ വഴി മികച്ച വിപണി ലഭ്യമാകും. കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മികച്ച മാര്‍ഗമായിരിക്കും ഇത്. കൂടാതെ കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന മറ്റുല്‍പ്പന്നങ്ങളും ഇതുവഴി വിറ്റഴിക്കാനാകും. 2024 ല്‍ രാജ്യത്തിനു മാതൃകയാകുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി വലിയ കുതിപ്പുകള്‍ക്ക് കുടുംബശ്രീ തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുന്നിയൂര്‍ സി.ഡി.എസ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് ഉപഹാരം നല്‍കി.
ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് നഗരസഭാധ്യക്ഷന്‍ കെ.എം ലാജിക്കു നല്‍കി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.സജീവ് കുമാര്‍ വയോജന അയല്‍ക്കൂട്ടത്തിലെ മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത ഫ്രീദാ ഫ്രാങ്ക്ളിനെ ആദരിച്ചു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ് ബാലസഭാംഗങ്ങളില്‍ നിന്നും മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത സ്മൃജിത്ത് എയെ ആദരിച്ചു. കുടുംബശ്രീ അംഗങ്ങളും ബാലസഭാംഗങ്ങളും കൈകൊട്ടിക്കളി അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.ഷൈലജ ബീഗം, വര്‍ക്കല നഗഗരസഭാധ്യക്ഷന്‍ കെ.എം ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ് ശശികല, എ.നഹാസ്, ബീന പി, ഷീജ സുനിലാല്‍, എ.ബാലിക്, പ്രിയങ്ക ബിറിള്‍, സൂര്യ ആര്‍, വര്‍ക്കല ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷരായ അക്ബര്‍,സീനത്ത്, സുനിത എസ്.ബാബു, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മനോജ്.എം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പ്രിയദര്‍ശിനി, ബ്ളോക്ക് പഞ്ചായത്ത് അംഗം രജനി അനില്‍, വര്‍ക്കല ബ്ളോക്ക് എ.ഡി.എ പ്രേമവല്ലി എം, ചെറുന്നിയൂര്‍ മെമ്പര്‍ സെക്രട്ടറി നിഷാദ് എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ അഡ്വ. സ്മിത സുന്ദരേശന്‍ സ്വാഗതവും ചെറുന്നിയൂര്‍ സി.ഡി.എസ് അധ്യക്ഷ ബിന്ദു ഷിബു നന്ദിയും പറഞ്ഞു.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നത്. കുടുംബശ്രീയുടെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്കും മറ്റു മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്കും വിപണി കണ്ടെത്താനും പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനും നേച്ചേഴ്സ് ഔട്ട്ലെറ്റുകള്‍ പ്രയോജനപ്പെടും.