നോയിഡയിലെ സരസ് മേളയില്‍ അരക്കോടി രൂപയുടെ വിറ്റുവരവോടെ കുടുംബശ്രീ, പുരസ്‌ക്കാരത്തിളക്കവും ഒപ്പം

നോയിഡയിലെ ആജീവിക സരസ് മേളയില്‍ 51,36,150 രൂപയുടെ വിറ്റുവരവ് സ്വന്തമാക്കി കുടുംബശ്രീ സംരംഭകര്‍. സെക്ടര്‍ 33 നോയിഡ ഹാത്തില്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 10 വരെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ച സരസ് മേളയില്‍ ആറ് ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകരാണ് ഉത്പന്ന വിപണന സ്റ്റാളുകളിലും ഫുഡ്‌കോര്‍ട്ടിലും പങ്കെടുത്തത്. ഇതില്‍ ഉത്പന്ന വിപണന സ്റ്റാളുകളിലെ ഫുഡ് കാറ്റഗറി വിഭാഗത്തില്‍ കോഴിക്കോട് നിന്നുള്ള ശ്രേയസ് യൂണിറ്റിന് രണ്ടാം സ്ഥാനവും ലഭിച്ചു. 

ആകെ എട്ട് ഉത്പന്ന വിപണന സ്റ്റാളുകളാണ് മേളയില്‍ കുടുംബശ്രീ ഒരുക്കിയിരുന്നത്. ശ്രേയസ് യൂണിറ്റിനെ കൂടാതെ മേഘ, ഐശ്വര്യ (എറണാകുളം), ശ്രീ. ചാമുണ്ഡേശ്വരി, തന്മയ (പാലക്കാട്), സ്നേഹ (മലപ്പുറം), മയൂരം (തൃശ്ശൂര്‍), ശ്രീകൃഷ്ണ (ആലപ്പുഴ) എന്നിവരും വിവിധ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിച്ചു. 

കുടുംബശ്രീയുടെ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന് (എന്‍.ആര്‍.ഒ) സംഘാടന ചുമതലയുണ്ടായിരുന്ന ഇന്ത്യ ഫുഡ് കോര്‍ട്ടില്‍ രുചിക്കൂട്ട് (മലപ്പുറം), ലക്ഷ്യ (എറണാകുളം) എന്നീ രണ്ട് യൂണിറ്റുകള്‍ ബിരിയാണി, പൊറോട്ട, ലഘുഭക്ഷണങ്ങള്‍, ദോശ, ജ്യൂസ് എന്നിങ്ങനെ വിവിധ വിഭവങ്ങളും തയാറാക്കി നല്‍കി.