പഞ്ചായത്ത് കുടുംബശ്രീ സംയോജനം- മികച്ച മാതൃകയായി അരിമ്പുര്‍

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമേകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണ് തൃശ്ശൂര്‍ ജില്ലയിലെ അരിമ്പുര്‍ ഗ്രാമപഞ്ചായത്ത്. 11 ലക്ഷം രൂപയ്ക്ക് കുടുംബശ്രീ സി.ഡി.എസ് ഓഫീസ് നവീകരിച്ച് നല്‍കിയതിന് പിന്നാലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വനിതാ ക്യാന്റീനും ടോയ്‌ലറ്റ് ബ്ലോക്കും തായാറാക്കി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ പഞ്ചായത്ത്.
വനിതാ കാന്റീന്‍, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം ഞായറാഴ്ച (ഒക്ടോബര്‍ 😎 സംഘടിപ്പിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജന്‍ നിര്‍വഹിച്ചു. 27 ലക്ഷം രൂപയോളമാണ് വനിതാ ക്യാന്റീന്‍ നവീകരണത്തിന് പഞ്ചായത്ത് ചെലവഴിച്ചത്. 70 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യത്തോട് കൂടിയ ക്യാന്റീനില്‍ ആധുനിക കിച്ചണ്‍ ഉപകരണങ്ങളും വാങ്ങി നല്‍കിയിട്ടുണ്ട്. ജനകീയ ഹോട്ടലായാകും ക്യാന്റീന്‍ പ്രവര്‍ത്തിക്കുക.
കുടുംബശ്രീ ‘വനിതാ’ സൂക്ഷ്മ സംരംഭ യൂണിറ്റാണ് ക്യാന്റീന്‍ പ്രവര്‍ത്തിപ്പിക്കുക. സുമ ജോസഫ്, വിജി, സിജി എന്നിവരാണ് ഈ യൂണിറ്റിലെ അംഗങ്ങള്‍.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന്‍ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ അരിമ്പുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കവിത, അരിമ്പുര്‍, താന്ന്യം, മണലൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അരിമ്പുര്‍ പഞ്ചായത്ത് സെക്രട്ടറി റെനി പോള്‍ നന്ദി പറഞ്ഞു.