പഴങ്ങളിലും പച്ചക്കറിയിലും വിരിയും വിസ്മയങ്ങൾ

വ്യത്യസ്തവും ഉപജീവന സാധ്യത ഏറെയുള്ളതുമായ മേഖലയിലേക്ക് അയൽക്കൂട്ട അംഗങ്ങളെ നയിക്കാനും അവർക്ക് വരുമാന മാർഗ്ഗം കണ്ടെത്തി നൽകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പരിശീലന പരിപാടിക്ക് തുടക്കമിട്ടിരിക്കുകയാണ് കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷൻ. വെജിറ്റബിൾ – ഫ്രൂട്ട് കാർവിങ്ങിലും ഒപ്പം സലാഡ് തയാറാക്കലിലും 30 അയൽക്കൂട്ട അംഗങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകുന്ന പരിപാടിക്ക് ജവഹർ ബാലഭവനിൽ തുടക്കമായി.

മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന ഇവൻ്റുകളിലും മറ്റും ഭക്ഷണ വിഭവങ്ങളോടൊപ്പം പ്രാധാന്യം ഇപ്പോൾ വെജിറ്റബിൾ – ഫ്രൂട്ട് കാർവിങ്ങിനുമുണ്ട്. ആരോഗ്യകരമായ ജീവിത ശൈലി നയിക്കുന്നതിന് സാലഡുകൾ ആഹാരത്തിൻ്റെ ഭാഗമാക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവരുടെ അഭാവവും നിലനിൽക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് ഈ മേഖലയിൽ വിദഗ്ധ പരിശീലനം നൽകാനും അതുവഴി വരുമാന മാർഗ്ഗം കണ്ടെത്തി നൽകാനും ജില്ലാ മിഷൻ തീരുമാനിച്ചത്. പരിശീലനം നേടിയവർക്ക് കാറ്ററിംഗ് ഗ്രൂപ്പുകളുമായി സഹകരിച്ച് തൊഴിൽ ലഭ്യമാക്കാനാണ് ജില്ല ലക്ഷ്യമിട്ടിരിക്കുന്നത്. 

പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. സലിൽ. യു നിർവഹിച്ചു. അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ രാധാകൃഷ്ണൻ. കെ, പ്രസാദ് കെ.കെ, ജില്ലാ പ്രോഗ്രാം മാനേജർ ശോഭു നാരായണൻ, വിനീത എ.കെ, ആദർശ് പി. ദയാൽ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു. കുടുംബശ്രീയുടെ പരിശീലന ഏജൻസിയായ ഐഫ്രം ടീം നേതൃത്വം നൽകുന്ന പരിശീലന പരിപാടി 24 ന് പൂർത്തിയാകും.