പഴയ നിയമസഭാ മന്ദിരം വീണ്ടുമുണർന്നു, ബാലസഭാംഗങ്ങളുടെ ബാലപാർലമെൻ്റിലൂടെ നല്ല ചൂടൻ ചോദ്യോത്തര വേളയും

അടിയന്തര പ്രമേയവും വാക്കൗട്ടും  എല്ലാം ചേര്‍ന്ന് ഒരു യഥാർത്ഥ പാർലമെൻ്റിൻ്റെ പരിച്ഛേദമായി കുടുംബശ്രീ സംസ്ഥാനതല പാർലമെൻ്റ്. സംസ്ഥാനത്തെ  31612 ബാലസഭകളില്‍ അംഗങ്ങളായ 4.59 ലക്ഷം കുട്ടികളുടെ പ്രതിനിധികളായി വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് എത്തിയ 154 കുട്ടികളും അട്ടപ്പാടിയില്‍ നിന്നുള്ള 11 കുട്ടികളും ഉള്‍പ്പെടെ ആകെ 165 പേരാണ് ബാല പാർലമെൻ്റിൻ്റെ ഭാഗമായത്.

ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്ത് പഴയ നിയമസഭാ മന്ദിരത്തിൽ ഇന്ന് സംഘടിപ്പിച്ച ബാല പാർലമെൻ്റിൻ്റെ ഉദ്ഘാടനം മുന്‍ ഗതാഗത വകുപ്പു മന്ത്രി അഡ്വ. ആന്‍റണി രാജു നിർവഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫര്‍ മാലിക് ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു.  

ശാസ്ത്രസാങ്കേതിക മേഖലകളിലെ അറിവു നേടുന്നതിനൊപ്പം നിയമസഭ, പാര്‍ലമെന്‍റ്, ജനാധിപത്യം എന്നിവ സംബന്ധിച്ച് കുട്ടികള്‍ക്ക് വ്യക്തമായ അവബോധം നല്‍കാന്‍ ബാലപാര്‍ലമെന്‍റ് പോലെയുള്ള പരിപാടികള്‍ സഹായകമാകുമെന്ന് അഡ്വ.ആന്‍റണി രാജു ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘അറിവൂഞ്ഞാല്‍’ മാസിക കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറ്ടര്‍ ജാഫര്‍ മാലിക്കിന് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു.

ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ശുചിത്വം, ലിംഗനീതി തുടങ്ങി വിവിധ വിഷയങ്ങളാണ് കുട്ടികള്‍ പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയത്. കാസറഗോഡ് ജില്ലയില്‍ നിന്നുളള സൂരജ കെ.എസ്, കൊല്ലം ജില്ലയിലെ നയന എന്നിവര്‍ യഥാക്രമം രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായി. ആലപ്പുഴ ജില്ലയിലെ അസ്മിന്‍ എസ്, സ്പീക്കറും കൊല്ലം ജില്ലയില്‍ നിന്നുളള ശിവാനന്ദന്‍ സി.എ പ്രതിപക്ഷ നേതാവുമായി. കോഴിക്കോട് ജില്ലയിലെ ദൃശ്യ. ജെ ഡെപ്യൂട്ടി സ്പീക്കറായും എത്തി. അനയ. സി (കോഴിക്കോട്), രസിക രമേഷ് (കണ്ണൂര്‍), അഥീന രതീഷ് (ആലപ്പുഴ), ആര്യാനന്ദ അനീഷ് (കണ്ണൂര്‍), സന്ദീപ് എസ്.നായര്‍ (മലപ്പുറം), നിവേദ്യ. കെ (കോഴിക്കാട്) എന്നിവര്‍ മന്ത്രിമാരും അട്ടപ്പാടിയില്‍ നിന്നുളള അഭിനവ് ചീഫ് മാര്‍ഷലും തൃശൂര്‍ ജില്ലയിലെ ശ്രീനന്ദ എ.ഡി.സിയുമായി. പത്തനംതിട്ട ജില്ലയിലെ അര്‍ച്ചന.വി.നായര്‍ സെക്രട്ടറി ജനറലായി. അട്ടപ്പാടിയില്‍ നിന്നുള്ള അനുമിത്ര, കാസര്‍കോട് ജില്ലയിലെ തനിഷ ജെ എന്നിവര്‍ സെക്രട്ടറിമാരായും എത്തി. ബാലപാര്‍ലമെന്‍റിനു ശേഷം കുട്ടികള്‍ പുതിയ നിയമസഭാ മന്ദിരവും സന്ദര്‍ശിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. എറണാകുളം ജില്ലയില്‍ നിന്നുള്ള ബാലസഭാംഗം രാഹുല്‍ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുടുംബശ്രീ പി.ആര്‍.ഒ. നാഫി മുഹമ്മദ് ആശംസ അര്‍പ്പിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി.രാജന്‍ നന്ദി പറഞ്ഞു.

സംസ്ഥാനതല ബാലപാര്‍ലമെന്‍റിനു മുന്നോടിയായി ജില്ലാതല ബാലപാര്‍ലമെൻ്റുകളും സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയല്‍ക്കൂട്ടങ്ങളാണ് ബാലസഭകള്‍. ജനാധിപത്യസംവിധാനത്തിന്‍റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനും കുട്ടികള്‍ക്ക് അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണ് എല്ലാ വര്‍ഷവും സംസ്ഥാനതല ബാലപാര്‍ലമെന്‍റ് സംഘടിപ്പിക്കുന്നത്.