പി.എം.എ.വൈ (നഗരം) – ഒമ്പതാം വാര്‍ഷികം  ആഘോഷിച്ചു

പി.എം.എ.വൈ (നഗരം) – പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഒമ്പതാം വാര്‍ഷികം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തില്‍ കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ലൈഫുമായി സംയോജിപ്പിച്ചാണ് പി.എം.എ.വൈ (നഗരം) പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.

ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നഗരസഭകളിലൊട്ടാകെ ഗുണഭോക്താക്കളുമായുള്ള സംവാദവും ഗുണഭോക്തൃ കുടുംബങ്ങളുടെ ഭവന സന്ദര്‍ശനവും സിഗ്നേച്ചര്‍ ക്യാമ്പെയിനും കലാ സാംസ്‌ക്കാരിക പരിപാടികളും വൃക്ഷത്തൈ വിതരണവും പ്രത്യേക കൗണ്‍സില്‍ യോഗങ്ങളും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, പി.എം.എ.വൈ – ലൈഫ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സംഘടനാ സംവിധാന പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഭവന സന്ദര്‍ശനം നടത്തിയത്. ഗൃഹ നിര്‍മ്മാണം ആരംഭിക്കാന്‍ വൈകുന്നതിനുള്ള കാരണങ്ങള്‍, സ്വന്തമായി ഭവനം ലഭിച്ചത് മൂലം ജീവതത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിവയെല്ലാം അറിയുന്നതിന് ഭവന സന്ദര്‍ശനം സഹായകമായി.

അനുമതി ലഭിച്ചിട്ടും ഇതുവരെ ഭവന നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്ത ഗുണഭോക്താക്കള്‍, ഭവന നിര്‍മ്മാണം മുടങ്ങി നില്‍ക്കുന്ന ഗുണഭോക്താക്കള്‍ എന്നിവരെ കുടുംബശ്രീ സംഘടനാ സംവിധാന പ്രതിനിധികളുടെ സഹായത്തോടെ സന്ദര്‍ശിച്ച് നിര്‍മ്മാണം മുന്നോട്ട് പോകാത്തതിന്റെ കാരണങ്ങള്‍ മനസ്സിലാക്കി നഗരസഭയുടെ സഹായത്തോടെ ആവശ്യമായ ഇടപെടല്‍ നടത്തുക, വീടുകളുടെ ജിയോ ടാഗിങ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജൂണ്‍ 11 മുതല്‍ ജൂലൈ 30 വരെ നീളുന്ന 50 ദിന ക്യാമ്പെയിന്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നിലവില്‍ പുരോഗമിച്ചു വരികയാണ്.

സംസ്ഥാനത്തെ 93 നഗരസഭകളിലും നടപ്പിലാക്കുന്ന ഈ പദ്ധതി മുഖേന ഇതുവരെ 1,32,327 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി നേടിയെടുത്തു. 1,12,410 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു. 88,544 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഭൂരഹിത ഭവനരഹിതര്‍ക്കായി 11 അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകളിലായി 970 ഭവന യൂണിറ്റുകള്‍ക്ക് അനുമതി ലഭിച്ചു. അതില്‍ 936 യൂണിറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു. 530 എണ്ണം പൂര്‍ത്തിയായി.

കുടുംബശ്രീ മുഖേനയും മറ്റ് വകുപ്പുകള്‍ മുഖേനയും നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുമായി സംയോജിപ്പിച്ച് പി.എം.എ.വൈ (നഗരം) – ലൈഫ് ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗവും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകളും കേരളത്തില്‍ നടപ്പിലാക്കി വരുന്നു. മികച്ച സംയോജന മാതൃകകള്‍, സാമൂഹ്യാധിഷ്ഠിത നിര്‍വഹണം എന്നിവയ്ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ പുരസ്‌ക്കാരവും കുടുംബശ്രീക്ക് ലഭിച്ചിരുന്നു.