കാര്‍ഷിക മേഖലയിലെ ഉപജീവന സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കാന്‍ കുടുംബശ്രീയുടെ ‘പുനര്‍ജീവനം’ കാര്‍ഷിക സംരംഭകത്വ വികസന പരിശീലന പരമ്പര കൊല്ലത്ത് സംഘടിപ്പിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ – കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും (ഐ.സി.എ.ആര്‍ – സി.ടി.സി.ആര്‍.ഐ) കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന പുനര്‍ജീവനം പദ്ധതിക്ക് ഓഗസ്റ്റില്‍ അട്ടപ്പാടിയിലാണ് തുടക്കമായത്. കിഴങ്ങു വര്‍ഗ്ഗ വിളകളില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണ പരിശീലനമാണ് നവംബര്‍ 11 ന് കൊല്ലത്ത് തെന്മലയില്‍ സംഘടിപ്പിച്ചത്.
ജില്ലയില്‍ ചേമ്പ് കൃഷി നടത്തി വരുന്ന കുടുംബശ്രീ കൂട്ടുത്തരവാദിത്ത കൃഷി സംഘാംഗങ്ങള്‍ക്ക് (ജെ.എല്‍.ജി – ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിലൂടെ ഉപജീവനം ഉറപ്പാക്കുകയാണ് ജില്ലയിലെ പരിശീലനത്തിലൂടെ ലക്ഷ്യമിട്ടത്. 85 ജെ.എല്‍.ജി അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ സി.ടി.സി.ആര്‍.ഐ ക്രോപ് യൂട്ടിലൈസേഷൻ വിഭാഗം സയന്റിസ്റ്റ് ഡോ. എം.എസ്. സജീവ് ക്ലാസ് നയിച്ചു. ചേമ്പ് കൂടാതെ മധുരക്കിഴങ്ങ്, മരച്ചീനി എന്നിവയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള പരിശീലനവും അംഗങ്ങള്‍ക്ക് നല്‍കി.
കൊല്ലം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹാരിസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. എ. ഷാനവാസ് പദ്ധതി വിശദീകരണം നടത്തി. അഞ്ചല്‍ ബ്ലോക്കിലെ കരവാളൂര്‍, കുളത്തുപ്പുഴ, എരൂര്‍ എന്നീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്മാര്‍ ആശംസ അറിയിച്ചു. തെന്മല സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സല നന്ദി പറഞ്ഞു. കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ രമ്യ രാജപ്പന്‍, ഹണി മോള്‍ രാജു, കൊല്ലം ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീപ്രിയ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ സിജി, ഐഷത് എന്നിവര്‍ പങ്കെടുത്തു.