കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്കുള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ക്കായി പാചക മത്സരം സംഘടിപ്പിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്.
കറുമുറെ (വിവിധയിനം സ്‌നാക്കുകള്‍) ചില്‍ ടൈം (ലഘു പാനീയങ്ങള്‍) ഇരട്ടി മധുരം ( പായസം) ഹെല്‍ത്ത് മുഖ്യം ബിഗിലെ (വിവിധ സാലഡുകള്‍) എന്നിങ്ങനെ നാല് റൗണ്ടുകളിലായി ഈ മാസം 12ന് ആലപ്പുഴയില്‍ സംഘടിപ്പിച്ച പാചക മത്സരത്തില്‍ 13 ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളും ഭാഗമായി.
മത്സരത്തിന്റെ ഉദ്ഘാടകയായ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ സമ്മാനദാനവും നിര്‍വഹിച്ചു. എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ജി. രാജേശ്വരി എന്നിവര്‍ പാചക മത്സരം നേരിട്ട് കാണാനെത്തുകയും വിവിധ വിഭവങ്ങള്‍ രുചിക്കുകയും ചെയ്തു. പാചക മത്സരത്തിന് കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി.