പ്രധാനമന്ത്രിയില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങാന്‍ അയല്‍ക്കൂട്ടാംഗങ്ങളായ സുധയും എല്‍സിയും മഹാരാഷ്ട്രയില്‍

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളായ തൃശ്ശൂര്‍ ജില്ലയിലെ മാള കുഴൂര്‍ മാങ്ങാംകുഴി വീട്ടിലെ സുധ ദേവദാസും എറണാകുളം അങ്കമാലി തുറവൂര്‍ പാലികൂടത്ത് വീട്ടിലെ എല്‍സി ഔസേഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് നേരിട്ട് ആദരവ് ഏറ്റുവാങ്ങാന്‍ മഹാരാഷ്ട്രയില്‍. ഓഗസ്റ്റ് 25ന് മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ രാജ്യമെമ്പാടുമുള്ള ‘ലാക്പതി ദീദി’മാരെ ആദരിക്കാന്‍ നടത്തുന്ന ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ ഇരുവരും മഹാരാഷ്ട്രയില്‍ എത്തിക്കഴിഞ്ഞു. ഇവരില്‍ സുധയ്ക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിക്കും. ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള അയല്‍ക്കൂട്ട/സ്വയംസഹായ സംഘ അംഗങ്ങളാണ് ലാക്പതി ദീദിമാര്‍. കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഷമീന പി.എനും ഇവര്‍ക്കൊപ്പമുണ്ട്.

2011ലാണ് സുധ പ്രകൃതി അയല്‍ക്കൂട്ടത്തില്‍ അംഗമാകുന്നത്. കാര്‍ഷിക മേഖയിലൂടെ ഉപജീവനം കണ്ടെത്തുന്നതിനായി സംഘകൃഷിയിലേക്കും തിരിഞ്ഞു. നിലവില്‍ 22 ഏക്കറോളം സ്ഥലത്ത് നെല്ല്, വാഴ, ചേന, ചീര, ബീന്‍സ് തുടങ്ങിയ വിവിധ ഇനം കൃഷികള്‍ സുധയും സംഘവും ചെയ്തുവരുന്നു. മഹിളാ റൈസ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും രൂപീകരിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റി വരുമാനം കണ്ടെത്തുതിനുള്ള ഡ്രോണ്‍ ദീദി പദ്ധതി പരിശീലനവും സുധ നേടിക്കഴിഞ്ഞു. സി.ഡി.എസ് അംഗമെന്ന നിലയിലും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയ സുധ ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയാണ്. നിലവില്‍ കുഴൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവുമാണ്.

മുംബൈയില്‍ കുടുംബവുമൊത്ത് ജീവിച്ചുവരുന്നതിനിടെ ഭര്‍ത്താവിന് ക്യാന്‍സര്‍ ബാധിച്ചതിനാല്‍ 2008ല്‍ നാട്ടില്‍ തിരികെയെത്തുകയായിരുന്നു എല്‍സി ഔസേഫ്. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് കുടുംബശ്രീയെക്കുറിച്ച് എല്‍സി അറിയുന്നത്. തുടര്‍ന്ന് 2012ല്‍ എല്‍സിയുടെ നേതൃത്വത്തില്‍ കാഞ്ചന എന്ന പേരില്‍ ഒരു അയല്‍ക്കൂട്ടം ആരംഭിച്ചു. ഉപജീവനം കണ്ടെത്തുന്നതിനായി വിവിധങ്ങളായ പരിശീലനങ്ങളിലും പങ്കെടുത്തു. 2018ല്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ ചേര്‍ന്ന് നിറപറ എന്ന പേരില്‍ സംഘകൃഷി സംഘം രൂപീകരിച്ച് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു തുടങ്ങുകയായിരുന്നു. കാര്‍ഷിക മേഖലയിലെ കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍കൂടിയായ എല്‍സിയെ കൃഷി സഖി വിഭാഗത്തിലാണ് പരിപാടിയിലേക്ക് തെരഞ്ഞെടുത്തത്.