എറണാകുളം ജില്ലയിലെ 102 സ്‌കൂളുകളില്‍ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രത്യേക ക്യാമ്പയിനും തുടക്കം. സ്‌നേഹിത ജെന്‍ഡര്‍ ക്ലബ്ബ് @ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി. കുട്ടികളുടെ പഠനപ്രശ്‌നങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍, കൗമാരപ്രായക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനോടൊപ്പം ലിംഗസമത്വത്തിന്റെ ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്നതും ക്യാമ്പയിന്റെ ലക്ഷ്യമാണ്.
എല്ലാ ക്ലാസ്സ് മുറികളിലും സ്‌നേഹിതയുടെ ടോള്‍ ഫ്രീ നമ്പറും പ്രതിമാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ക്യുആര്‍ കോഡും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അടങ്ങുന്ന ടൈം ടേബിള്‍ കാര്‍ഡ് പതിപ്പിക്കല്‍, എല്ലാമാസവും രണ്ടാം ശനിയാഴ്ച രാവിലെ 10ന് ഓണ്‍ലൈനായി ജെന്‍ഡര്‍ ചലഞ്ച് മത്സരം എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടത്തും. ഓരോ മാസവും ജില്ലാതലത്തില്‍ വിജയിയെ കണ്ടെത്തുകയും സമ്മാനം നല്‍കുകയും ചെയ്യും.
ഇത് കൂടാതെ കുട്ടികള്‍ക്ക് കൗണ്‍സിലിങ്, മോട്ടിവേഷന്‍ ക്ലാസുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, വിവിധ പരിശീലനങ്ങള്‍, ലഹരിവിരുദ്ധ ക്ളാസുകള്‍ എന്നിവയും ജെന്‍ഡര്‍ ക്ലബ്ബുകളുടെ ഭാഗമായി സംഘടിപ്പിക്കും.