പ്ലാനിങ് ഫെസിലിറ്റേഷന്‍ സെന്ററുമായി ഓക്‌സിലറി ഗ്രൂപ്പ് അംഗം

ബില്‍ഡിങ് പ്ലാന്‍, എസ്റ്റിമേഷന്‍, ഡിസൈനിങ് എല്ലാം ഇനി വിദ്യയുടെ ‘ഹോമി ലേഔട്ടി’ല്‍ ലഭ്യം – ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വഴികാട്ടിയാകുന്നു ഈ കാസര്‍ഗോഡുകാരി.

മൂന്ന് ലക്ഷത്തിലേറെ വരുന്ന കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാതൃകയായി മാറുകയാണ് കാസര്‍ഗോഡ് മുളിയാറിലെ പാത്തനടുക്കം ഓക്‌സിലറി ഗ്രൂപ്പ് അംഗമായ കോട്ടൂര്‍ സ്വദേശിനി വിദ്യ. ബില്‍ഡിങ് പ്ലാനും എസ്റ്റിമേഷനും പെര്‍മിഷനും ഡിസൈനിങ്ങും എല്ലാം നിര്‍വഹിച്ച് നല്‍കുന്ന ഹോമി ലേഔട്ട് എന്ന ഒരു പ്ലാനിങ് ഫെസിലിറ്റേഷന്‍ സെന്ററിന് തുടക്കമിട്ടിരിക്കുകയാണ് വിദ്യ.

മുളിയാര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ കീഴില്‍ ബോവിക്കാനത്ത് ‘ഹോമി ലേഔട്ടി’ന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ഇന്ന് നിര്‍വഹിച്ചു. പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷം ഐ.ടി.ഐ സിവില്‍ ഡ്രാഫ്ട്‌സ്മാന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയ വിദ്യ ഈ മേഖലയില്‍ ആറ് വര്‍ഷത്തിലേറെക്കാലം ജോലിയും ചെയ്തു. കഴിഞ്ഞ കൊല്ലമാണ് ഓക്‌സിലറി ഗ്രൂപ്പില്‍ അംഗമായത്. അമ്മ കുടുംബശ്രീ അംഗമായതിനാല്‍ തന്നെ ഓക്‌സിലറി ഗ്രൂപ്പിന്റെ ഭാഗമാകുന്നതിന് വിദ്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഭര്‍ത്താവ് അനീഷും വിദ്യയ്ക്ക് പൂര്‍ണ്ണ പിന്തുണയേകുന്നു. ഈ സംരംഭം ആരംഭിക്കാനുള്ള സാമ്പത്തിക പിന്തുണയും കുടുംബശ്രീയില്‍ നിന്ന് വിദ്യയ്ക്ക് ലഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ മുഖ്യാതിഥിയായ ഉദ്ഘാടന ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഖയറുന്നീസ, വാര്‍ഡ് മെമ്പര്‍മാരായ ശ്യാമള, രവീന്ദ്രന്‍ പൊയ്യക്കാല്‍, പി ബാലകൃഷ്ണന്‍, പി.എസ്. സക്കീന, ഉദയകുമാര്‍ എന്നിവരും പങ്കെടുത്തു.

18നും 40നും ഇടയില്‍ പ്രായമുള്ള യുവതികളെ കുടുംബശ്രീ സംവിധാധനത്തിനൊപ്പം ചേര്‍ക്കുന്നതിനാണ് ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് തുടക്കമിട്ടത്. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അവരവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഉപജീവന മാര്‍ഗ്ഗം ഒരുക്കി നല്‍കുന്നതിലും കുടുംബശ്രീ എല്ലാവിധ സഹായങ്ങളും ചെയ്ത് നല്‍കുന്നു.

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സംരംഭങ്ങള്‍ ആരംഭിച്ച് വരുമാനം കണ്ടെത്താന്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വിദ്യ പ്രചോദനമാകുമെന്ന് കരുതട്ടെ. ആ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും കുടുംബശ്രീ നല്‍കും.