ആകെ പങ്കെടുത്ത 962 ഉദ്യോഗാർത്ഥികളിൽ 375 പേർക്ക് തൊഴിലും 312 പേരെ അടുത്ത ഘട്ടത്തിലേക്ക് ഷോർട്ട് ലിസ്റ്റും ചെയ്ത് മികച്ച വിജയമായി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ പൊന്നാനിയിൽ സംഘടിപ്പിച്ച മെഗാ ജോബ് മേള. നഗരസഭയുമായി ചേർന്ന് ഫെബ്രുവരി 10ന് നടത്തിയ മേളയിൽ
ബാങ്കിങ്, ഇൻഷുറൻസ്, മാർക്കറ്റിംഗ്, കൺസ്ട്രക്ഷൻ, ഐ.ടി എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ള 60 തൊഴിൽദാതാക്കളാണ് പങ്കെടുത്തത്.
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള 18 നും 40 നും ഇടയിലുള്ള തൊഴിലന്വേഷകരായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള തൊഴിൽ മേളകൾ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു- ജി.കെ.വൈയും കേരള നോളജ് എക്കണോമി മിഷനുമായും ഏകോപിപ്പിച്ചുള്ള ഈ മേളകൾ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മേളകളുടെ നടത്തിപ്പ്.
പൊന്നാനി മേളയുടെ ഉദ്ഘാടനം എ.പി നന്ദകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കക്കൂത്ത് പദ്ധതി വിശദീകരണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷീന സുദേശൻ, പൊന്നാനി സി.ഡി.എസ് ചെയർപേഴ്സൺ ധന്യ. എം, എടപ്പാൾ സി.ഡി.എസ് ചെയർപേഴ്സൺ ഹരണ്യ എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രജീഷ് ഊപ്പാല സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ അയിഷാബി നന്ദിയും പറഞ്ഞു.