കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഗൃഹശ്രീ പദ്ധതിയുമായി ചേര്‍ന്ന് ഓരോ കുടുംബശ്രീ സി.ഡി.എസിന്റെയും കീഴില്‍ നിര്‍ദ്ധനരായ 75 കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുമായി കുടുബശ്രീ മലപ്പുറം ജില്ലാ മിഷന്‍. കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സ്‌നേഹവീട് പദ്ധതിയില്‍ സി.ഡി.എസ്സുകള്‍ സമാഹരിക്കുന്ന ഫണ്ടിനൊപ്പം ഗൃഹശ്രീ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായവും ഭവന നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തും. സ്‌നേഹവീട് പദ്ധതിയിലേക്കുള്ള സിഡിഎസ് വിഹിതം അടക്കുകയും ഗുണഭോക്താക്കളുടെ ഭവന നിര്‍മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഈ 75 ഗുണഭോക്താക്കളുടെ സംഗമം മലപ്പുറം വ്യാപാര ഭവനില്‍ മാര്‍ച്ച് രണ്ടിന് സംഘടിപ്പിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത് അധ്യക്ഷനായ ചടങ്ങില്‍ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പി.സുനീര്‍ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മലപ്പുറം നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ നൗഷാദ് സി.എച്ച് വിശിഷ്ടാതിഥിയായി. ചേലേമ്പ്ര സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മിനി , പോരൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കൃഷ്ണ ജ്യോതി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഹസ്‌കര്‍ കെ.എസ് സ്വാഗതവും കുടുംബശ്രീ മലപ്പുറം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് കട്ടുപാറ നന്ദിയും പറഞ്ഞു.