മഴ രസംകൊല്ലിയായെങ്കിലും ഗ്രീന്‍ഫീല്‍ഡില്‍ സാന്നിധ്യമറിയിച്ച് കുടുംബശ്രീ

ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ
സന്നാഹ മത്സരങ്ങളിലെല്ലാം വില്ലനായെത്തിയ മഴ കാണികളെ നിരാശരാക്കിയെങ്കിലും ഭക്ഷണകാര്യത്തില്‍ അവരുടെ മനസ്സ് നിറച്ചു കുടുംബശ്രീ.
ഗ്രീന്‍ ഫീല്‍ഡില്‍ സംഘടിപ്പിക്കപ്പെട്ട ക്രിക്കറ്റ് സന്നാഹ മത്സരങ്ങളില്‍ അഞ്ച് കുടുംബശ്രീ യൂണിറ്റുകള്‍ ചേര്‍ന്ന് കാണികള്‍ക്ക് ഭക്ഷണമൊരുക്കി നല്‍കി 1,95,210 രൂപ വരുമാനവും നേടി. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രത്യാശ, ശ്രീശൈലം, സാംജീസ്, കഫേ ശ്രീ, ശ്രുതി എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് കാണികള്‍ക്കായി ഭക്ഷണമൊരുക്കിയത്.
ന്യൂസിലന്‍ഡ് – ദക്ഷിണാഫ്രിക്ക മത്സരത്തില്‍ നിന്നും 23,000 രൂപയും മഴകാരണം ഉപേക്ഷിച്ച ഇന്ത്യ – നെതര്‍ലന്‍ഡ് മത്സരത്തിൽ നിന്ന് 1,72,210 രൂപയുമാണ് വരുമാനം നേടിയത്.