ഹരിതകര്‍മ്മസേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം വ്യാപകമാകുന്നതിന് മുന്‍പ് തന്നെ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളെ ഉപയോഗിച്ച് മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കി തുടങ്ങിയിരുന്നു കോഴിക്കോട് ജില്ലയിലെ വടകര നഗരസഭ. ഹരിയാലി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വടകരയിലെ ഹരിതകര്‍മ്മസേന എല്ലാക്കാര്യത്തിലും ഒരു പടി മുന്നിലാണ്. ഒരു തദ്ദേശഭരണ സ്ഥാപനം എങ്ങനെയാണ് മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുസ്ഥിരമായ ഒരു വരുമാനമാര്‍ഗം ഉണ്ടാക്കിക്കൊടുത്തത് എന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണം കൂടിയാണ് വടകരയിലെ ‘ഹരിയാലി’. മികച്ച വരുമാനം മാത്രമല്ല സമൂഹത്തില്‍ മാന്യമായ സ്ഥാനവും ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഇവിടെ ലഭിച്ചുവരുന്നു.
മാലിന്യം ശേഖരിച്ച് വയ്ക്കാന്‍ വീടുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പ്രത്യേക കവറുകള്‍ നഗരസഭ കൊടുത്തില്ല പകരം അവരുടെ കൈയിലുള്ള പഴയ തുണികളോ മറ്റോ ഉപയോഗിച്ച് സഞ്ചി നിര്‍മിച്ച് അതില്‍ തരം തിരിച്ച് നിക്ഷേപിക്കാനാണ് നിര്‍ദ്ദേശിച്ചത്. പഴയ മാക്‌സികളുടെ അടിഭാഗം തയ്ച്ച് വലിയ സഞ്ചികളാക്കി മാറ്റി. അങ്ങനെ ‘മാക്‌സി ബാഗ്’ എന്ന പുതിയ ഒരു ഉത്പന്നവും പിറവി കൊണ്ടു. ബനിയനുകള്‍, പെറ്റിക്കോട്ടുകള്‍ തുടങ്ങിയവയെല്ലാം പിന്നീട് ബാഗുകളായി മാറി.
ഹരിയാലി ഹരിതകര്‍മ്മസേനയുടെ കീഴില്‍ നിരവധി സംരംഭങ്ങളും വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. അതെല്ലാം മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടതാണെന്നതാണ് മറ്റൊരു പ്രത്യേകത. വിവിധതരം തുണിസഞ്ചികളുള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ ഷോപ്പ്, വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഇടമായ സ്വാപ്പ് ഷോപ്പ്, ആഘോഷങ്ങള്‍ക്കും മറ്റും ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ക്ക് പകരം സ്റ്റീല്‍ പ്ലേറ്റ് , ഗ്ലാസ് എന്നിവ വാടകയ്ക്ക് കൊടുക്കുന്ന റെന്റ് ഷോപ്പ്, ജൈവമാലിന്യ സംസ്‌ക്കരണ ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വില്‍ക്കുന്ന ക്ലീന്‍ലൈന്‍സ് സെന്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കൂടാതെ ഇ-വേസ്റ്റുകളില്‍ നിന്നു പുനരുപയോഗ സാധ്യതയുള്ളവയെ കണ്ടെത്തി വീണ്ടും ഉപയോഗയോഗ്യമാക്കുന്ന റിപ്പയര്‍ ഷോപ്പുമുണ്ട്. വടകര പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളാണ് ഹരിയാലിയിലെ അംഗങ്ങള്‍ക്ക് റിപ്പയര്‍ ചെയ്യാനാവശ്യമായ പരിശീലനം നല്‍കുന്നത്.
വടകരയെ കാര്‍ബണ്‍ ന്യൂട്രല്‍ മുനിസിപ്പാലിറ്റിയാക്കുകയെന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗമാണ് ഗ്രീന്‍ ടെക്‌നോളജി സെന്ററുകള്‍. മാലിന്യ സംസ്‌ക്കരണരംഗത്തെ പരിശീലന പരിപാടികളും വിവിധ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും സംയോജിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട എനര്‍ജി ക്ലിനിക്കുകള്‍, കാര്‍ഷിക മേഖലയിലെ ഇടപെടലിന് അഗ്രി ക്ലിനിക്ക്, ജലസംരക്ഷണത്തിന് വാട്ടര്‍ ക്ലിനിക്ക്, ഉപയോഗശൂന്യമായ വസ്തുക്കളെ പുനരുപയോഗിക്കാന്‍ കഴിയുന്ന അപ്-സൈക്ലിങ് ക്ലിനിക്ക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നാടിന്റെ വിവിധങ്ങളായ പരിസ്ഥിതി, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാകും വിധം ഹരിതകര്‍മ്മസേനയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യമാണ് ഹരിയാലിക്കും വടകര നഗരസഭയ്ക്കുമുള്ളത്.