കുടുംബശ്രീയുടെ പുതു മുഖമായ ഓക്‌സിലറി ഗ്രൂപ്പുകള്‍ക്കെല്ലാം മാതൃകയാക്കാനാകുന്ന പ്രവര്‍ത്തനവുമായി ശ്രദ്ധ നേടുകയാണ് കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ 18ാം വാര്‍ഡിലെ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പായ വിങ്‌സ് ഓഫ് ഫയര്‍. രണ്ട് വയസ്സ് പ്രായമായ ഈ 15 അംഗ ഗ്രൂപ്പ് ഏറെ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
സ്വന്തമായി ഉപജീവനം കണ്ടെത്തുന്നതിനോടൊപ്പം പുതുതലമുറയ്ക്ക് മുഴുവന്‍ തുണയാകുന്ന തരത്തില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിപ്പാണ് ഇതില്‍ പ്രധാനം. കൂടാതെ സാമൂഹ്യ രംഗത്തും ഏറെ ഫലപ്രദമായ ഇടപെടലുകള്‍ നടത്തി വരുന്നു. വിദ്യാസമ്പന്നരായ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ക്ലാസ്സുകളെടുക്കുന്ന ട്യൂഷന്‍ സെന്ററില്‍ 20ലേറെ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
ക്രിസ്മസ് കാലത്ത് കരോള്‍ നടത്തി കിട്ടിയ തുക വടകരയിലെ തണല്‍ വൃദ്ധസദനത്തിലെ അംഗങ്ങള്‍ക്കായി ചെലവഴിച്ചു. ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കുന്നതിന് ഇടപെടല്‍ നടത്തി. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. ഓണം, ക്രിസ്മസ് ആഘോഷങ്ങളും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. നാട്ടിലെ മുഴുവന്‍ യുവതികള്‍ക്കും അവരുടെ കലാ, സാംസ്‌ക്കാരിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള സര്‍ഗോത്സവമായ വനിതാ മേളയും ഒരുക്കി… ഇങ്ങനെ നീളുന്നു സാമൂഹ്യ രംഗത്തെ വിങ്‌സ് ഓഫ് ഫയറിന്റെ ഇടപെടലുകള്‍.
18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള യുവതികള്‍ക്ക് അംഗങ്ങളാനാകാനാകുന്ന കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് രൂപീകരിക്കുക. ഒരു ഗ്രൂപ്പില്‍ പരമാവധി 10 മുതൽ 20 പേര്‍ക്കാണ് അംഗങ്ങളാകാനാകുക. അതില്‍ കൂടുതല്‍ പേര്‍ താത്പര്യത്തോടെ മുന്നോട്ട് വന്നാല്‍ അതേ വാര്‍ഡില്‍ തന്നെ മറ്റൊരു ഗ്രൂപ്പ് കൂടി രൂപീകരിക്കാനുമാകും.