മാതൃകയാണ് കാസര്‍ഗോട്ടെ ഈ ‘ഐശ്വര്യ അയല്‍ക്കൂട്ടം’

കാസര്‍ഗോഡ് ജില്ലയിലെ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒരു പട്ടികവര്‍ഗ്ഗ അയല്‍ക്കൂട്ടം കൈയെത്തിപ്പിടിച്ച നേട്ടത്തിനിരിക്കട്ടെ ഒരു നൂറ് അഭിനന്ദനങ്ങള്‍! അയല്‍ക്കൂട്ടത്തിന്റെ 22ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്വന്തമായി ഒരു കെട്ടിടം തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ.

വെങ്ങച്ചേരിയിലെ ഐശ്വര്യ അയല്‍ക്കൂട്ടത്തിലെ 19 അംഗങ്ങള്‍ ചേര്‍ന്ന് സ്വരുക്കൂട്ടിയ 80,000 രൂപ ഉപയോഗിച്ചാണ് സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചത്. അംഗങ്ങളില്‍ ഓരോരുത്തരും ഓരോ ആഴ്ചയും 20 രൂപ വീതം കെട്ടിടത്തിന് വേണ്ടി നിക്ഷേപിച്ച തുകയാണ് ഇതില്‍ പ്രധാനം. പഞ്ചായത്ത് ഭൂമി അനുവദിച്ചു നല്‍കി. ബാലസഭാംഗങ്ങള്‍ക്ക് വേണ്ടി ഒരു ബാല ലൈബ്രറിയായും ഈ കെട്ടിടം പ്രവര്‍ത്തിക്കും. കൂടാതെ ഇപ്പോള്‍ അയല്‍ക്കൂട്ടം നടത്തിവരുന്ന കൂണ്‍കൃഷി പ്രവര്‍ത്തനങ്ങള്‍ക്കും പുതുതായി ആരംഭിക്കാനിരിക്കുന്ന കുട നിര്‍മ്മാണ സംരംഭ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കെട്ടിടം ഉപയോഗപ്പെടുത്തും.

സുജാത ബാബു (പ്രസിഡന്റ്), ലീല ബാബു (സെക്രട്ടറി), രാധിക. വി, ലത രാധാകൃഷ്ണന്‍, ജാനകി (ഉപസമിതി കണ്‍വീനര്‍മാര്‍), കല്യാണി ചന്ദ്രന്‍, സവിത വി.കെ, കാരിച്ചി മാണി, ഓമന. സി, തമ്പായി മാധവന്‍, കാരിച്ചി കൃഷ്ണന്‍, രമണി നാരായണന്‍, കാരിച്ചി കൊട്ടാന്‍, വെള്ളച്ചി, കല്യാണി കുമാരന്‍, മഞ്ജു മോഹനന്‍, ബീന സജീവന്‍, മീനാക്ഷി, ചെന്നു

പ്രസിഡന്റ് ലീല ബാബുവിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 10ന് ചേര്‍ന്ന യോഗത്തില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സൺ ബിന്ദുകൃഷ്ണന്‍, ഊരുമൂപ്പന്‍ വി. ചന്ദ്രന്‍, സി.ഡി.എസ് അംഗം സുമ ജയന്‍, എ.ഡി.എസ് സെക്രട്ടറി ശ്രീജ രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.