മാലിന്യമുക്തം നവകേരളം: സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടങ്ങളൊരുക്കാന്‍ കുടുംബശ്രീ അയല്‍ക്കൂട്ട സര്‍വേ ഇന്നു മുതല്‍ 

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ടങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള സര്‍വേയ്ക്ക് ഇന്നു(2-10-2024) മുതല്‍ സംസ്ഥാനത്ത് തുടക്കമാകും. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയ്ന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വേയും തുടര്‍ന്ന് അല്‍ക്കൂട്ട ഗ്രേഡിങ്ങും നടത്തും. നാല്‍പ്പതിനായിരത്തോളം വൊളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുക. 2025 ഫെബ്രുവരി 15ന് സമ്പൂര്‍ണ ഹരിതഅയല്‍ക്കൂട്ട പ്രഖ്യാപനം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഒക്ടോബര്‍ 19ന് മുമ്പായി ഓരോ സി.ഡി.എസിലും കുറഞ്ഞത് 25 ശതമാനം അയല്‍ക്കൂട്ടങ്ങളുടെയും നവംബര്‍ 30ന് മുമ്പ് 50 ശതമാനം അയല്‍ക്കൂട്ടങ്ങളുടെയും ഡിസംബര്‍ 31 ന് മുമ്പായി നൂറ് ശതമാനം അയല്‍ക്കൂട്ടങ്ങളുടെയും സര്‍വേ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. അറുപത് ശതമാനത്തിന് മുകളില്‍ സ്കോര്‍ നേടുന്ന അയല്‍ക്കൂട്ടങ്ങളെയാണ് ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖ്യാപിക്കുക. അറുപത് ശതമാനത്തില്‍ താഴെ സ്കോര്‍ നേടുന്ന അയല്‍ക്കൂട്ടങ്ങളെ പ്രത്യേകം പരിഗണിച്ചു കൊണ്ട് അവയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ആവിഷ്ക്കരിച്ചു നടപ്പാക്കും. 2025 ഫെബ്രുവരി 15ന് മുമ്പായി എ.ഡി.എസ്, സി.ഡി.എസ്തല ഗ്രേഡിങ്ങ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കും.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കോര്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സര്‍വേ, ഗ്രേഡിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. നിലവില്‍ അതത് സി.ഡി.എസ് അധ്യക്ഷമാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട മുന്നൊരുക്ക യോഗങ്ങള്‍ നടന്നു വരികയാണ്. സി.ഡി.എസ്, എ.ഡി.എസ്തല യോഗങ്ങള്‍ ഒക്ടോബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കും.