‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയ്ന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷം വരുന്ന മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും ഹരിത അയല്‍ക്കൂട്ടങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ തുടക്കമിടുന്നു. പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വേയും ഗ്രേഡിങ്ങും നടത്തി 2025 ഫെബ്രുവരി 15ന് സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ട പ്രഖ്യാപനത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അയല്‍ക്കൂട്ടങ്ങളുടെ സര്‍വേ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും.
വാര്‍ഡുതലത്തില്‍ തിരഞ്ഞെടുത്ത നാല്‍പ്പതിനായിരത്തോളം കുടുംബശ്രീ വോളണ്ടിയര്‍മാരാണ് സര്‍വേ നടത്തുന്നത്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു വരുന്ന കുടുംബശ്രീയുടെ ഏറ്റവും പുതിയ ചുവട്വയ്പ്പാണ് ഹരിത അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണം.
അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളിലെ മാലിന്യ സംസ്ക്കരണ രീതികള്‍, അയല്‍ക്കൂട്ടം നേരിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ ഹരിതചട്ടം പാലിക്കല്‍, അയല്‍ക്കൂട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പൊതു സ്ഥലങ്ങളിലെ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, അയല്‍ക്കൂട്ട പ്രദേശത്ത് ശുചിത്വമുള്ള പാതയോരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേ. ഇതോടൊപ്പം എ.ഡി.എസ്, സി.ഡി.എസ്തല ഗ്രേഡിങ്ങും പൂര്‍ത്തിയാക്കും. ഡിസംബര്‍ 30ന് മുമ്പ് മുഴുവന്‍ അയല്‍ക്കൂട്ടങ്ങളുടെയും സര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ആദ്യഘട്ട സര്‍വേയില്‍ അറുപത് ശതമാനത്തില്‍ താഴെ സ്കോര്‍ നേടിയ അയല്‍ക്കൂട്ടങ്ങളെ പ്രത്യേകം പരിഗണിച്ചു കൊണ്ട് അവയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആവിഷ്ക്കരിച്ചു നടപ്പാക്കും.
അയല്‍ക്കൂട്ട ഗ്രേഡിങ്ങ് സംബന്ധിച്ച് വിശദീകരിക്കുന്നതിനും ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള നടപടികളും ഊര്‍ജിതമാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍(സംഘടന) കണ്‍വീനറായുള്ള കമ്മിറ്റിയില്‍ നോണ്‍ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
എല്ലാ ആഴ്ചയും കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. അതത് സി.ഡി.എസ് അധ്യക്ഷമാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട മുന്നൊരുക്ക യോഗങ്ങള്‍ നടന്നു വരികയാണ്. സി.ഡി.എസ്, എ.ഡി.എസ്തല യോഗങ്ങള്‍ ഒക്ടോബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കും.