മീറ്റ് ദ ന്യൂ ; ഓക്‌സിലറി ഗ്രൂപ്പ് പുനഃസംഘടന ക്യാമ്പയിന്‍ – റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളെ വിപുലീകരിക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനുമായുള്ള ‘മീറ്റ് ദ ന്യൂ’ ഓക്‌സിലറി ഗ്രൂപ്പ് പുനഃസംഘടനാ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല ഓക്‌സിലറി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി കൂടുതല്‍ പേരിലേക്ക് ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

തൃശ്ശൂരില്‍ കിലയുടെ ആസ്ഥാനത്ത് 4 ബാച്ചുകളിലായി നടത്തിയ പരിശീലനത്തില്‍ 1000ത്തോളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ഭാഗമായി. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരും പരിശീലനത്തില്‍ പങ്കെടുത്തു.

ഓക്‌സിലറി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ചുമതലകള്‍, കര്‍ത്തവ്യങ്ങള്‍, ക്യാമ്പയിന്‍ രീതിശാസ്ത്രം, ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രാധാന്യം, ന്യൂതന ഉപജീവന സാധ്യതകള്‍, ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രവര്‍ത്തന സാധ്യതകള്‍, ആശയ വിനിമയ പാടവം എന്നീ വിഷയങ്ങളിലായിരുന്നു പരിശീലന ക്ലാസ്സുകള്‍. കൂടാതെ മികച്ച നിലയില്‍ പ്രവര്‍ത്തനം നടത്തുന്ന ഓക്‌സിലറി അംഗങ്ങള്‍ തങ്ങളുടെ അനുഭവങ്ങളും പങ്കുവച്ചു.