തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുസൂറിയിലെ ലാല്‍ബഹദൂര്‍ശാസ്ത്രി ഐ.എ.എസ് അക്കാഡമിയില്‍ സിവില്‍ സര്‍വീസ് ട്രെയിനികള്‍ക്കുള്ള ഫൗണ്ടേഷന്‍ കോഴ്‌സിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ശില്‍പ്പശാലയുടെ ഭാഗമായുള്ള ഉത്പന്ന പ്രദര്‍ശന മേളയില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയിരിക്കുകയാണ് കുടുംബശ്രീ. ഒക്ടോബര്‍ 7,8 തിയതികളില്‍ നടന്ന മേളയില്‍ കരകൗശല, കൈത്തറി ഉത്പന്നങ്ങള്‍ അടക്കം പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തിച്ച് വെറും രണ്ട് ദിവസം കൊണ്ട് 78,350 രൂപയുടെ വില്‍പ്പനയും കുടുംബശ്രീ നേടി. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയ്ക്ക് മറ്റൊരു ഉദാഹരണം കൂടിയാണ് ഈ പങ്കാളിത്തം.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി തൃശ്ശൂരിലെ മതിലകം ബ്ലോക്കില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് (എസ്.വി.ഇ.പി) പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന രാജലക്ഷ്മി കെ.വി, നന്ദുജ കെ.ജെ, സഹീന എ.വൈ എന്നീ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാർ, തിരുവനന്തപുരം ജില്ലയിലെ എസ്.വി.ഇ.പി മൈക്രോ എൻ്റർപ്രൈസ് കൺസൾട്ടന്റ് സുജ, സംരഭക ബിന്ദു എന്നിവരാണ് കുടുംബശ്രീ ഉത്പന്നങ്ങളുമായി അക്കാഡമിയിലെത്തി മേളയില്‍ പങ്കെടുത്തത്.
കഴിഞ്ഞവര്‍ഷം കൊടകര ബ്ലോക്കിലെ എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായുള്ള മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാര്‍ ഈ മേളയില്‍ പങ്കെടുത്തിരുന്നു. അന്ന് കുടുംബശ്രീയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയെത്തുടര്‍ന്നാണ് വീണ്ടുമൊരിക്കല്‍ക്കൂടി മുസോറിയില്‍ അവസരം ലഭിച്ചത്.