രുചിവൈവിധ്യങ്ങളുടെ പെരുമയുമായി തിരുവനന്തപുരം കോട്ടയം ജില്ലകളില്‍ കുടുംബശ്രീ പ്രീമിയം കഫേ റെസ്റ്ററന്‍റുകള്‍ക്ക് തുടക്കം

രുചിവൈവിധ്യങ്ങളുടെ പെരുമയും അതിഥി സല്‍ക്കാരത്തിന്‍റെ ഊഷ്മളതയുമായി മലയാളിയുടെ മനം കവര്‍ന്ന കുടുംബശ്രീയുടെ പ്രീമിയം കഫെ റെസ്റ്റോറന്‍റ് ശൃംഖല രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം കോട്ടയം ജില്ലകളില്‍ പ്രീമിയം കഫേ റസ്റ്ററന്‍റ് പ്രവര്‍ത്തനം ആരംഭിച്ചു.

കുടുംബശ്രീ സംരംഭകരുടെ ഏറ്റവും വലിയ മികവ് അവരുടെ കൈപ്പുണ്യമാണെന്നും അത് മനസിലാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ കോവിഡ് കാലത്ത്  ജനകീയ ഹോട്ടലുകളും ഇപ്പോള്‍ പ്രീമീയം കഫേ റസ്റ്ററന്‍റുകള്‍ക്കും തുടക്കമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.   കോട്ടയം ജില്ലയില്‍ കുറവിലങ്ങാട് പ്രീമിയം കഫേ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.. കുടുംബശ്രീയുടെ മറ്റു സംരംഭങ്ങള്‍ പോല പ്രീമിയം കഫേ റെസ്റ്ററന്‍റുകളും വലിയ വിജയമായി തീരുമെന്ന് അദ്ദേഹം പറഞ്ഞു.

അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, ഉഴവൂര്‍ ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കുറവിലങ്ങാട് സയന്‍സ് സിറ്റിക്ക് സമീപത്ത് നാലായിരം ചതുരശ്ര അടിയിലാണ് പ്രീമീയം കഫേസജ്ജമാക്കിയിട്ടുള്ളത്. പൂര്‍ണമായും ശീതീകരിച്ച റെസ്റ്ററന്‍റില്‍ ഒരേ സമയം 75 പേര്‍ക്ക് ഭക്ഷണം കഴിക്കാനുളള സൗകര്യവും വിശാലമായ പാര്‍ക്കിങ്ങും ഉണ്ട്. ഭിന്നശേഷി സൗഹൃദപരമായി സജ്ജീകരിച്ച റെസ്റ്ററന്‍റില്‍  ഇന്ത്യന്‍,  ചൈനീസ്, അറബിക് ഭക്ഷ്യവിഭവങ്ങളും ലഭിക്കും. റെസ്റ്ററന്‍റിനൊപ്പം ടേക്ക് എ ബ്രേക്ക് സംവിധാനവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബേക്കറിയും ഉണ്ട്. കൂടാതെ രണ്ടാം നിലയില്‍ മീറ്റിങ്ങ് ഹാളും ഡോര്‍മിറ്ററി സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൂന്നാമത്തെ നിലയില്‍ ഉടന്‍ ഷീ ലോഡ്ജും ആരംഭിക്കും. ജില്ലയിലെ വിവിധ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളിലെ നാല്‍പ്പതു വനിതകളുടെ നേതൃത്വത്തിലായിരിക്കും പ്രീമിയം കഫേയുടെ എല്ലാ പ്രവര്‍ത്തനങ്ങളും.
 
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപം ഗവ.പ്രസിന്‍റെ എതിര്‍വശത്തെ ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ആരംഭിച്ച പ്രീമിയം കഫേ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

തിരുവിതാംകൂര്‍ മിനി സദ്യ, പ്രാദേശികമായ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് മണ്‍ചട്ടിയില്‍ തയ്യാറാക്കുന്ന നെയ്മീന്‍ വിഭവമായ ഫിഷ് മല്‍ഹാര്‍, മലബാര്‍ വിഭവങ്ങള്‍, പട്ടം കോഴിക്കറി, ചൈനീസ് വിഭവങ്ങള്‍ എന്നിവ ഇവിടെ ലഭിക്കും. കൂടാതെ ടേക്ക് എവേ കൗണ്ടറും നാടന്‍ പലഹാരങ്ങളും പാനീയങ്ങളും ലഭിക്കുന്ന കോഫീ ഷോപ്പും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. സ്വിഗ്ഗി, സൊമാറ്റോ എന്നിവ വഴിയും ഫുഡ് ഓര്‍ഡര്‍ ചെയ്യാം. ലഞ്ച് ബെല്‍ പദ്ധതിയുടെ ഭാഗമായി ഉച്ചയൂണും ഇവിടെ നിന്ന് വാങ്ങാനാകും. എല്ലാ പ്രീമിയം കഫേയിലും രാവിലെ ഏഴു മണി മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തന സമയം. ഭക്ഷണ പാചകം, വിതരണം, ബില്ലിങ്ങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് നിര്‍വഹിക്കുക.

തിരുവനന്തപുരത്ത് പ്രീമിയം കഫേ ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീതനസീര്‍, പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീകാന്ത് എ.എസ്, ഡോ.ഷാനവാസ്, കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് ജി, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ ശ്രീലത ബി.വി എന്നിവര്‍ പങ്കെടുത്തു.

സംരംഭങ്ങളുടെ ആധുനികവത്ക്കരണവും സുസ്ഥിരതയും ലക്ഷ്യമിട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രീമിയം കഫേ റെസ്റ്റോറന്‍റ് ശൃംഖലയ്ക്ക് തുടക്കമിട്ടത്. എറണാകുളം ജില്ലയില്‍ അങ്കമാലിയിലാണ് ആദ്യത്തെ റസ്റ്ററന്‍റ് ആരംഭിച്ചത്. പിന്നീട് വയനാട് (മേപ്പാടി), കണ്ണൂര്‍ തൃശൂര്‍ (ഗുരുവായൂര്‍) പത്തനംതിട്ട(പന്തളം) എന്നിവിടങ്ങളിലും പ്രീമിയം കഫേ ആരംഭിച്ചു. ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതോടെയാണ് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് ഓഫീസിനു സമീപം ഈ വര്‍ഷം മാര്‍ച്ച് 26നും മലപ്പുറം കോട്ടയ്ക്കലില്‍ ഏപ്രില്‍ ആറിനും പ്രീമിയം കഫേ ആരംഭിച്ചിരുന്നു. നിലവില്‍ ഒമ്പത് ജില്ലകളില്‍ പ്രീമിയം കഫേ തുടങ്ങിയിട്ടുണ്ട്. നൂറിലേറെ വനിതകള്‍ക്ക് മികച്ച തൊഴിലും വരുമാനവും ഉറപ്പു വരുത്താന്‍ പദ്ധതി വഴി സാധിക്കുന്നുണ്ട്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ(ചെങ്ങന്നൂര്‍ കല്ലിശ്ശേരി) കൊല്ലം (കരുനാഗപ്പള്ളി വെട്ടുമുക്ക് ജംഗ്ഷന്‍), പാലക്കാട് (കണ്ണമ്പ്ര,) കോഴിക്കോട് (കൊയിലാണ്ടി) എന്നീ ജില്ലകളില്‍  പ്രീമിയം റെസ്റ്ററന്‍റുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.