റിഫ്‌ളക്ടോ അഞ്ചാം ബാച്ച് പരിശീലനത്തിന് തുടക്കം

കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റുമാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിയായ റിഫ്ളെക്ടോ 24 ന്റെ അഞ്ചാം ബാച്ചിന്റെ പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്നും നാളെയുമായി നടക്കുന്ന പരിശീലനത്തില്‍ കാസര്‍ഗോഡ്, തൃശ്ശൂര്‍ ജില്ലകളിലെയും പത്തനംതിട്ട ജില്ലയിലെ പകുതി സി.ഡി.എസുകളിലെയും അക്കൗണ്ടന്റുമാരടക്കം 140 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. അഞ്ചാം ബാച്ചിന്റെ പരിശീലന ഉദ്ഘാടനം കുടുംബശ്രീ ഡയറക്ടര്‍ കെ.എസ്. ബിന്ദു നിര്‍വഹിച്ചു.

സി.ഡി.എസുകളുടെ ഫിനാന്‍സ് മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ്, കുടുംബശ്രീ സംഘടന സംവിധാനവും അക്കൗണ്ട്ന്റും, സമീപന രീതി, മൈക്രോ ഫിനാന്‍സ് ആക്ടിവിറ്റീസ് എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയുള്ള സെഷനുകളാണ് രണ്ടുദിവസത്തെ പരിശീലനത്തിലുള്ളത്.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ വിദ്യാ നായര്‍ വി.എസ് നന്ദിയും പറഞ്ഞു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ മാത്യു ചാക്കോ പരിശീലന ടീം അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

ജനുവരി 25, 26 തീയതികളില്‍ നാലാം ബാച്ചിനുള്ള പരിശീലനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ 143 അക്കൗണ്ടന്റുമാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.