ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ ‘നയി ചേതന’ 3.0 ക്യാമ്പയിനുമായി കുടുംബശ്രീ 

സമാപന ദിനമായ ഡിസംബര്‍ 23 ന് എല്ലാ സി.ഡിഎസിലും ജെന്‍ഡര്‍ കാര്‍ണിവല്‍

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന  ‘നയി ചേതന’ ജെന്‍ഡര്‍ ക്യാമ്പയിന് സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും തുടക്കമായി.   ‘ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ’ എന്നതാണ് ക്യാമ്പെയിന്‍റെ ഈ വര്‍ഷത്തെ ആശയം. സ്ത്രീകള്‍, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് വിവേചനങ്ങളും അതിക്രമങ്ങളും നേരിടാതെ സ്വന്തം അവകാശത്തില്‍ അധിഷ്ഠിതമായി നിര്‍ഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ക്യാമ്പയിന്‍റെ ഭാഗമായി 3,17,724 അയല്‍ക്കൂട്ടങ്ങള്‍, 19470 എ.ഡി.എസ്, 1070 സി.ഡി.എസ്, 854 ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, വിജിലന്‍റ് ഗ്രൂപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് നാല് ആഴ്ചകളിലായി സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. ഓരോ ആഴ്ചയിലും നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ കലണ്ടര്‍ തയ്യാറാക്കി അതനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ക്യാമ്പയിന്‍ സമാപന ദിവസമായ ഡിസംബര്‍ 23ന് എല്ലാ സി.ഡി.എസുകളിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജെന്‍ഡര്‍ കാര്‍ണിവലും അരങ്ങേറും.

പീഡനങ്ങള്‍ നേരിടാതെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാന്യവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പു വരുത്തുന്ന പോഷ് ആക്ട് സംബന്ധിച്ചും  എല്ലാ സ്ഥാപനങ്ങളിലും ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനുമുള്ള പരിശീലനങ്ങള്‍ ക്യാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കും. കൂടാതെ വിവിധ മേഖകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ഓപ്പണ്‍ ഫോറം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരേ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കല്‍,  ലിംഗവിവേചനത്തിനെതിരേ അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി പുരുഷന്‍മാര്‍, ആണ്‍കുട്ടികള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ചകള്‍, ജെന്‍ഡര്‍ ക്വിസ്, ജെന്‍ഡര്‍ ചാമ്പ്യന്‍മാരെ ആദരിക്കല്‍, പോസ്റ്റര്‍,ഹാഷ്ടാഗ്, ചുവര്‍ചിത്ര ക്യാമ്പെയ്നുകള്‍, പ്രതിജ്ഞയെടുക്കല്‍, തെരുവു നാടകങ്ങള്‍, ഫ്ളാഷ് മോബ്, ഹ്രസ്വചിത്ര പ്രദര്‍ശനം, രംഗശ്രീ കലാജാഥ എന്നിവയും ക്യാമ്പെയ്ന്‍റെ ഭാഗമായി സംഘടിപ്പിക്കും. അതിക്രമങ്ങളെ അതിജീവിച്ച വനിതകളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കലും ഇതോടൊപ്പം ഉണ്ടാകും. നാല് ആഴ്ചകളിലായി നടക്കുന്ന ക്യാമ്പയിനില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം പൊതുസൂഹത്തിന്‍റെ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇക്കുറിയും ക്യാമ്പയിന്‍  വിജയിപ്പിക്കുന്നതിനായി വളരെ വിപുലമായ മുന്നൊരുക്കങ്ങളാണ് കുടുംബശ്രീ നടത്തിയിട്ടുളളത്. ഇതിന്‍റെ മുന്നോടിയായി എ.ഡി.ജി.പി സി.ബാസ്റ്റിന്‍ സാബു, എക്സൈസ് സൂപ്രണ്ട് സുരേഷ് കുമാര്‍ എസ്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അശ്വിന്‍ ഡി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി. ശ്രീജിത്,  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയെ പ്രതിനിധീകരിച്ച് മേഘ പി, കുടുംബശ്രീ ജില്ലാ മിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്ത സംസ്ഥാനതല ആലോചനാ യോഗവും തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ സുഗമായ നടത്തിപ്പിനും ഏകോപനത്തിനും പോലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുമായുള്ള സംസ്ഥാനതല സംയോജനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

ലിംഗവിവേചനത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ സ്ത്രീകളെ സജ്ജമാക്കുക, സ്വന്തം അവകാശങ്ങളെ കുറിച്ചുള്ള അറിവ് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനാണ് ‘നയി ചേതന’.  ഇതിനു മുമ്പ് 2022ലും 2023ലും  മികച്ച ആസൂത്രണവും സംഘാടന മികവും കൊണ്ട് ക്യാമ്പയിന്‍ വലിയ  വിജയത്തിലെത്തിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു.