‘വനസുന്ദരി’, ‘സൊലൈ മിലൻ’ എന്നീ വിഭവങ്ങൾക്ക്  ശേഷം ‘കൊച്ചി മൽഹാർ’ അവതരിപ്പിച്ച് കുടുംബശ്രീ സംരംഭകർ

‘വനസുന്ദരി’, ‘സൊലൈ മിലൻ’ എന്നീ  വിഭവങ്ങൾക്ക്  ശേഷം  ‘കൊച്ചി മൽഹാർ’ എന്ന പുതിയ വിഭവം അവതരിപ്പിച്ചിരിക്കുകയാണ് കുടുംബശ്രീ സംരംഭകർ. വനസുന്ദരിയും സോളായി മിലാനും കുടുംബശ്രീ ഭക്ഷ്യമേളകളിലെ മിന്നും താരങ്ങളാണ്.  പ്രത്യേക രുചികളോടെ തയ്യാറാക്കിയ സ്വാദിഷ്ടമായ ചിക്കൻ വിഭവങ്ങളാണ് ഇവ.

കൊച്ചി ദേശീയ സരസ് മേളയുടെ ഭാഗമായി കുടുംബശ്രീ ഇപ്പോൾ ഒരു പുതിയ സിഗ്നേച്ചർ വിഭവം അവതരിപ്പിക്കുകയും അതിന് ‘കൊച്ചി മൽഹാർ’ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കാന്താരി, പച്ചമുളക്, പച്ചമാങ്ങ, കുടംപുളി, കറിവേപ്പില, ചെറിയ ഉള്ളി, ഉലുവപ്പൊടി, തേങ്ങാപ്പാൽ, ടൈഗർ പ്രോൺസ്, കരിമീൻ, വെളുത്ത മാംസമുള്ള മീനുകൾ എന്നിവ ഉപയോഗിച്ചാണ് കൊച്ചി മൽഹാർ തയ്യാറാക്കുന്നത്. എണ്ണ ഉപയോഗിക്കാതെയാണ് പാചകം ചെയ്യുന്നത്. നിർഭയ കുടുംബശ്രീ യൂണിറ്റ് തയ്യാറാക്കിയ ഈ ഭക്ഷണം 2023 ഡിസംബർ 26 മുതൽ എറണാകുളത്ത് നടക്കുന്ന സരസ് മേളയുടെ ഫുഡ് കോർട്ടിൽ ലഭ്യമാണ്. 2023 ഡിസംബർ 23ന് സരസ് മേളയിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്രതാരവും നർത്തകിയുമായ ശ്രീമതി ആശാ ശരത്താണ് കൊച്ചി മൽഹാറിനെ പരിചയപ്പെടുത്തിയത്.