വയനാട് മേപ്പാടി പുനരധിവാസം; മൈക്രോ പ്ലാന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കേന്ദ്രീകരിച്ചുള്ള മൈക്രോ പ്ലാന്‍ ശില്‍പ്പശാല സെപ്റ്റംബര്‍ 9ന് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ശില്‍പ്പശാലയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടി.വി ഐ.എ.എസ് നിര്‍വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഗീത ഐ.എ.എസ് അധ്യക്ഷയായി.

ദുരന്തബാധിതരുടെ പുനരുജ്ജീവനത്തിന് ആവശ്യമായ പദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് വേണ്ട ചര്‍ച്ചകളും തയ്യാറെടുപ്പുകളും നടത്തുക എന്നതായിരുന്നു ശില്‍പ്പശാലയുടെ ലക്ഷ്യം. വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഐ.എ.എസ് വിഷയാവതരണവും അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതം രാജ് ഐ.എ.എസ് സര്‍വ്വേ റിപ്പോര്‍ട്ട് അവതരണവും നടത്തി.

1009 വീടുകളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ദുരിത ബാധിതരുടെ മാനസിക, ശാരീരിക, സാമ്പത്തിക, സാമൂഹിക മേഖലകളിലെ വീണ്ടെടുപ്പിനും ഉയര്‍ച്ചയ്ക്കും കരുത്തേകിക്കൊണ്ടാണ് പദ്ധതി നിര്‍വഹണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ശുചിത്വ മിഷന്‍ കണ്‍സല്‍ട്ടന്റ് എന്‍. ജഗജീവന്‍ മൈക്രോ പ്ലാന്‍ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഷിബു എന്‍.പി, അനീഷ് കുമാര്‍ എം.എസ്, ബീന.ഇ, പ്രഭാകരന്‍. എം, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സിനന്ദിപറഞ്ഞു.