വരവൂരിന്റെ സ്വന്തം വരവൂര്‍ ഗോള്‍ഡ് അഥവാ ഓണം വിപണനമേളയിലെ മിന്നുംതാരം

ഈ ഓണത്തിന് തൃശ്ശൂരിലെ വരവൂരില്‍ കുടുംബശ്രീ സി.ഡി.എസ് ഒരുക്കിയ ഓണം വിപണന മേളയില്‍ താരമായി മാറിയത് വരവൂരിന്റെ സ്വന്തം വരവൂര്‍  ഗോള്‍ഡായിരുന്നു. കുടുംബശ്രീ കൃഷി സംഘങ്ങള്‍ 63 ഏക്കറില്‍  വരവൂര്‍ പാടത്ത് കൃഷി ചെയ്ത നല്ലൊന്നാന്തരം കൂര്‍ക്കയാണ് വരവൂര്‍ ഗോള്‍ഡ്. വിളവെടുക്കുമ്പോഴുള്ള പ്രത്യേക മണം തന്നെ വരവൂര്‍ ഗോള്‍ഡിനെ മറ്റ് കൂര്‍ക്ക ഇനങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു.

നിള ജെ.എല്‍.ജിയാണ് കൂര്‍ക്ക വിളവെടുത്ത് വരവൂര്‍ സി.ഡി.എസ് ഓണം വിപണന മേളയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചത്. കിലോഗ്രാമിന് 100 രൂപ നിരക്കിലായിരുന്നു വില്‍പ്പന. 400 കിലോഗ്രാം കൂര്‍ക്ക ഓണ വിപണിയില്‍ വിറ്റഴിക്കാനും കഴിഞ്ഞു. വരവൂര്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.കെ. പുഷ്പ, മെമ്പര്‍ സെക്രട്ടറി എം.കെ. ആല്‍ഫ്രെഡ് എന്നിവരാണ് കൂര്‍ക്ക കൃഷി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.