വരുന്നൂ കുടുംബശ്രീ ഓക്‌സോമീറ്റ് @ 23, പരിശീലകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു

വന്‍വിജയമായിത്തീര്‍ന്ന കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വേണ്ടിയുള്ള ‘തിരികെ സ്‌കൂളില്‍’ ക്യാമ്പെയിന്‍ മാതൃകയില്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും 18നും 40നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കും വേണ്ടി ഓക്‌സോമീറ്റ് @ 23 സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23ന് കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് മീറ്റ്. ഇതിനായുള്ള സംസ്ഥാനതല പരിശീലകര്‍ക്കുള്ള പരിശീലനം നവംബര്‍ 14,15 തീയതികളില്‍ തൃശ്ശൂരിലെ കിലയില്‍ സംഘടിപ്പിച്ചു. 

ഓക്‌സിലറി ഗ്രൂപ്പുകളെ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാണ് മീറ്റ്. സാമൂഹ്യ, സാംസ്‌ക്കാരിക മേഖലകളില്‍ ഇടപെടാനുള്ള ഓക്‌സിലറി ഗ്രൂപ്പുകളുടെ നൈപുണ്യം വികസിപ്പിക്കുകയും നൂതന ഉപജീവന സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തമാക്കുകയും മീറ്റിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ ഓക്‌സിലറി ഗ്രൂപ്പുകളെ പ്രാദേശിക നോളജ് റിസോഴ്‌സ് സെന്ററായി വികസിപ്പിക്കുക എന്നതും മീറ്റിന്റെ ലക്ഷ്യമാണ്. 

നിലവില്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ മൂന്ന് ലക്ഷത്തോളം വനിതകള്‍ മീറ്റിന്റെ ഭാഗമാകും. പരിശീലകര്‍ക്കുള്ള പരിശീലനത്തിന്റെ ഔപചാരിക ഉദ്ഘാടനം കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ നിര്‍വഹിച്ചു. തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. കവിത.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി.സി. നിഷാദ് വിഷയാവതരണം നടത്തി. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ വിപിന്‍ വില്‍ഫ്രഡ് സ്വാഗതവും മാത്യു ചാക്കോ നന്ദിയും പറഞ്ഞു. 

കുടുംബശ്രീ സംസ്ഥാന മിഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം തൃശ്ശൂര്‍ ജില്ലാ പോഗ്രാം മാനേജര്‍ റെജി തോമസ്, കുടുംബശ്രീ പരിശീലന ടീം അംഗം ശാന്തകുമാര്‍, ഓക്‌സിലറി ഗ്രൂപ്പ് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍മാരായ ആര്യ (കൊല്ലം), ഗായത്രി (തിരുവനന്തപുരം), ആര്യ (ആലപ്പുഴ), ജ്യോതി (എറണാകുളം), ബിസ്മി (തൃശൂര്‍), ഒലീന (കോഴിക്കോട്), ശ്യാമിലി (കാസര്‍ഗോഡ്) എന്നിവര്‍ നേതൃത്വം നല്‍കി.